സ്വന്തം ലേഖകന്‍
കോഴിക്കോട്: എഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ പ്രശ്നങ്ങളുള്ള കേസുകള്‍ മാറ്റിവച്ച് നോട്ടീസ് അയയ്ക്കാന്‍ മേട്ടോര്‍വാഹനവകുപ്പ് തീരുമാനം. കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കണ്ട്രോള് റൂമില്‍ ഉദ്യോഗസ്ഥസംഘമിരുന്ന് പരിശോധിച്ചശേഷമാണ് നോട്ടീസ് തയാറാക്കുന്നത്.
നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങള്, നമ്പര്‍ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതില്‍ സംശയവമുള്ള മാറ്റിവയ്ക്കും.
റോഡിലിറങ്ങാത്ത വാഹനങ്ങൾക്കുപോലും നോട്ടീസ് ലഭിക്കുന്നതായി വിവിധ കോണുകളില്‍നിന്നു പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
കോഴിക്കോട് ജില്ലയില്‍ ചേവായൂരിലെ കൺട്രോള് റൂമിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 3,386 കേസുകളാണ് കാമറ കണ്ടെത്തിയത്.
3.282 പേര്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചു. ഇവയില്‍ 1,963 കേസുകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ്. കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1,321 കേസെടുത്തു.
ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കേസ് 642.ഹെല്‍മെറ്റ് ധരിക്കാത്തതിന് 1,666 ഇരുചക്രവാഹന ഉടമകള്‍ക്ക് നോട്ടീസ് അയച്ചു. പിന്‍സീറ്റ് യാത്രികന് ഹെല്‍മെറ്റ് ധരിക്കാത്തത് ഉള്‍പ്പെടെയാണിത്.
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്തതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനുമാണ് മറ്റു കേസുകൾ. നിയമലംഘനങ്ങളില്‍ വാഹന ഉടമകള്‍ പിഴ അടച്ചുതുടങ്ങി.
നോട്ടീസിനൊപ്പം ആര്‍സി ഉടമയുടെ മൊബൈല്‍ നമ്പറിലേക്കും ചലാന്റെ ലിങ്ക് അയയ്ക്കും. ഇതുപയോഗിച്ചാണ് പിഴ അടയ്ക്കുന്നത്.
പൂര്‍ണമായും ഉറപ്പിലാത്ത കേസുകള്‍ വിദഗ്ധ പരിശോധനയ്ക്ക് മാറ്റിവയ്ക്കുന്നതുമൂലമാണ് നിയമലംഘനങ്ങളുടെ എണ്ണവും നോട്ടീസുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.