കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ പതിവുപോലെ അതീവ സുന്ദരിയായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബ്ലാക്ക് ആന്റ് വൈറ്റ് ബലൂൺ സ്ലീവ് ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. 77-ാമത് കാനിൽ ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്.
കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ഗൗണാണ് ഐശ്വര്യ ധരിച്ചത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളയും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്.
പ്രശസ്ത ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യയുടെ വസ്ത്രം. സിംപിൾ ഹെയർസ്റ്റൈലും ഗോർഡൻ ഹൂപ്പ്സ് കമ്മലുമാണ് താരം തെരഞ്ഞെടുത്തത്. പരിക്കേറ്റതിനാൽ വലതുകൈയ്ക്ക് പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത്. എന്നാൽ ഇതിന്റേതായ ഒരു ക്ഷീണവും താരത്തിന്റെ വരവിൽ പ്രകടമായിരുന്നില്ല.
ഐശ്വര്യ റായ് ബച്ചൻ തുടർച്ചയായി 22-ാം വർഷമാണ് ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ റായ് വ്യാഴാഴ്ച കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്.
2002ൽ നീത ലുല്ല ഡിസൈൻ ചെയ്ത സാരി ധരിച്ചാണ് ഐശ്വര്യ റായ് ആദ്യമായി കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ എത്തിയത്. പോയ വർഷം സിൽവർ ഹൂഡഡ് കേപ് ഗൗൺ ആയിരുന്നു ഐശ്വര്യയുടെ വേഷം.