പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വീടിന്റെ ജനൽവഴി സ്ത്രീയുടെ മൂന്നരപവൻ സ്വർണമാലയും രണ്ടു മൊബൈൽ ഫോണുകളും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
നിരവധി ഭവനഭേദ കേസുകളിലും ബൈക്ക് മോഷണ കേസുകളിലും പ്രതിയായ ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൾ റഹീമി (27) നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.സി .ഹരിദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ, എസ്ഐ മഞ്ജിത് ലാൽ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. നവംബർ പത്തിനു രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
മുകളിലെ നിലയിലേക്കു അടുത്ത വീട്ടിൽ നിന്നെടുത്ത കോണിവച്ച് കയറി മുറിയുടെ ജനൽ വഴിയാണ് സ്വർണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്.
വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നു ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ കേസിൽ അറസ്റ്റ് ചെയ്ത അബ്ദുൾ റഹീമിനെ സംഭവ ദിവസം ഉൾപ്പെടെ അങ്ങാടിപ്പുറത്ത് കണ്ടതായും വിവരം ലഭിച്ചു.
അങ്ങാടിപ്പുറം ടൗണിലും സമീപ സ്ഥലങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ പ്രതിയെകുറിച്ച് സൂചന ലഭിച്ചു.
തുടർന്ന് കസ്റ്റഡിയിലെടുത്തു പോലീസ് ചോദ്യം ചെയ്തതോടെ അബ്ദുൾ റഹീം കുറ്റം സമ്മതിക്കുകയായിരുന്നു. അങ്ങാടിപ്പുറത്തെ മോഷണക്കേസ് കൂടാതെ കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ കോളജ് ഹോസ്റ്റലിനു സമീപം നിർത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കൊടൈക്കനാലിൽ വിൽപന നടത്തിയതായും പോലീസിനോട് പറഞ്ഞു.
അബ്ദുൾ റഹീമിന്റെ പേരിൽ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ നിരവധി സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുകളും ഭവനഭേദനകേസുകളും പത്തു കിലോ കഞ്ചാവുമായി പാലക്കാട് എക്സൈസ് പിടികൂടിയ കേസും നിലവിലുണ്ട് .
കൂട്ടുപ്രതി അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശിയും നിരവധി മോഷണക്കേസുകളിൽ പ്രതിയുമായ ഓടുപറന്പൻ അജ്മൽ മറ്റൊരു കേസിൽപെട്ട് ജയിലിലാണ്.
അജ്മലിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും മോഷ്ടിച്ച സ്വർണവും മൊബൈൽ ഫോണുകളും ബൈക്കുകളുംകണ്ടെക്കുമെന്നും ഡിവൈഎസ്പി പി.സി ഹരിദാസ് അറിയിച്ചു.
പെരിന്തൽമണ്ണ സിഐ, എസ്ഐ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ, സി.എം.അബ്ദുൾ സലീം, എൻ.ടി .കൃഷ്ണകുമാർ, എം. മനോജ്കുമാർ, സലീന, വിപിൻ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.