ബംഗുളൂരു: ബംഗുളൂരുവിൽ വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. ആകാശ എയറിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
സംഭവത്തിൽ ബംഗുളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിലാസ് ബകഡെ(42)യെ ബംഗുളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
ഫെബ്രുവരി 24ന് വൈകുന്നേരം മുംബൈയിൽ നിന്ന് ബംഗുളൂരുവിലേക്ക് വരാൻ ഇയാളുടെ ഭാര്യ ആകാശ എയറിൽ ടിക്കറ്റെടുത്തിരുന്നു. എന്നാൽ ഇവർ വിമാനത്താവളത്തിലെത്താൻ വൈകി.
ഭാര്യ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ബക്കഡെ ആകാശ എയറിന്റെ കസ്റ്റമർ കെയർ സർവീസിലേക്ക് വിളിച്ച് വിമാനം അൽപ്പസമയം വൈകിപ്പിക്കണമെന്ന് അഭ്യർഥിച്ചു.
എന്നാൽ ഇത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ വിമാനത്തിൽ ബോംബുണ്ടെന്ന് ഇയാൾ ഭീഷണിമുഴക്കുകയായിരുന്നു. വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
തുടർന്ന്, ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതി പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.