കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താല്പര്യമില്ല പകരം മൂന്ന് വീടുകൾ വച്ച് നൽകാൻ തയാറാണെന്ന് സംവിധായകൻ അഖിൽ മാരാർ. ഇതിനു ശേഷം താരത്തിനെതിരേ നിരവധി സൈബർ ആക്രമണമാണ് ഉണ്ടായത്.
അഖിൽ മാരാരുടെ നാട്ടിൽത്തന്നെ വീടുകൾ വച്ചുകൊടുക്കുമെന്നാണ് താരം പറഞ്ഞത്. എന്തുകൊണ്ടാണ് വയനാട്ടിൽ വീട് വച്ചുകൊടുക്കാത്തത് എന്ന് ആരോപിച്ചാണ് അഖിലിനെതിരേ സൈബർ ആക്രമണം. താരം സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തി.
തന്റെ സുഹൃത്ത് വീട് വയ്ക്കുന്നതിന് വസ്തു വിട്ടു നൽകാൻ തയാറാണെന്ന് അറിയിച്ചു. വീടുകൾ നിർമിക്കാൻ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറാണ്. പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടാണ് തന്റെ നാട്ടിൽ വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞതെന്ന് അഖിൽ വ്യക്തമാക്കി.
തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്കുവച്ചു അർഹതപ്പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ലന്നും അഖിൽ വ്യക്തമാക്കി.
സൈബർ ആക്രമണം ശക്തമായപ്പോൾ ഇതിനു മുൻപ് താൻ കൊടുത്ത തുക കൈമാറിയ രേഖകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചു. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം തനിക്കില്ല. പക്ഷേ ഇത്തരമൊരു സ്ക്രീൻഷോട്ട് പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചതിൻമേലാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചലഞ്ച്.
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താല്പര്യമില്ല. പകരം 3വീടുകൾ വെച്ച് നൽകാൻ ഞങ്ങൾ തയ്യാറാണ് അത് എന്റെ നാട്ടിൽ എന്ന് പറഞ്ഞത് വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും.
വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യർഥന മാനിച്ചു വയനാട്ടിൽ ഈ ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമ്മിച്ചു നൽകാം.
ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്ക് വെച്ചു അർഹതപ്പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം.നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.
എന്റെ കർമമാണ് എന്റെ നേട്ടം. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി. പ്രളയവും ഉരുൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുരന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്.
അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു.
NB :കഴിഞ്ഞ 4ദിവസത്തിനുള്ളിൽ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞത് ഇത് പോലെ നേരിൽ കൊടുക്കുന്നതും അല്ലാതെയും. ആരെയും ഒന്നും ബോധിപ്പിച്ചു ഞാൻ ജീവിക്കാറില്ല. ചില സഖാക്കൾ ആണ് ഈ പോസ്റ്റ് ഇടീക്കാൻ പ്രേരണ ആയത്.