കൊല്ലം :സിവിൽ പോലീസ് ഓഫീസർ അഖിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് വിഷ്ണുവിനെ റിമാൻഡ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്പിരിറ്റാണ് നല്‍കിയതെന്ന് അഖിലിന് അറിയില്ലായിരുന്നുവെന്ന് അറസ്റ്റിലായ വിഷ്ണു പോലീസിനോടും എക്സൈസ് സംഘത്തോടും വെളിപ്പെടുത്തി. ശീതളപാനീയത്തില്‍ സ്പിരിറ്റ് കലര്‍ത്തി താനും അഖിലും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷും ശിവപ്രിയനും കഴിച്ചതായി ഇയാള്‍ വ്യക്തമാക്കി.
ഒരാഴ്ച മുമ്പാണ് സുഹൃത്തിന്റെ പ്രതിശ്രുത വധുവായ സ്വകാര്യ ആശുപത്രി ജീവനക്കാരിയില്‍ നിന്നും വിഷ്ണു സ്പിരിറ്റ് വാങ്ങുന്നത്. വീട്ടിലെ പശുക്കളുടെ മുറിവ് വൃത്തിയാക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ഇവരോട് വിഷ്ണു പറഞ്ഞിരുന്നത്.
ഈ സ്പിരിറ്റ് അടുത്ത ദിവസം തന്നെ വിഷ്ണു ശീതളപാനീയം കലര്‍ത്തി കഴിക്കുകയും ചെയ്തു. അന്ന് വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. ഈ വിവരവും മറച്ചുവച്ചാണ് വിഷ്ണു സുഹൃത്തുക്കള്‍ക്ക് സ്പിരിറ്റ് നല്‍കിയത്.
എന്നാല്‍ സുഹൃത്തുക്കള്‍ നല്ല രീതിയില്‍ ഇത് കഴിച്ചപ്പോള്‍ വിഷ്ണു വളരെ കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. ഇതാണ് മറ്റുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും വിഷ്ണുവിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നത്. ഈ സംശയമാണ് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
ശാരീരിക അസ്വസ്ഥത ഒന്നിമില്ലയിരുന്ന വിഷ്ണുവിനെ ഉടന്‍ തന്നെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം ഒന്നും സമ്മതിക്കാതിരുന്ന വിഷ്ണു പിന്നീട് എല്ലാം തുറന്ന് പറയുകയായിരുന്നു.
വിഷ്ണുവിന് സ്പിരിറ്റ് എത്തിച്ച യുവതി, ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍ എന്നിവരില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമാകും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കം തീരുമാനിക്കുക.
കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം അറസ്റ്റിലായ വിഷ്ണുവിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണര്‍ നേരിട്ടെത്തി കേസിലെ വിവരങ്ങള്‍ അന്വേഷിട്ടുണ്ട്. പോലീസിനൊപ്പം എക്സൈസും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.