ആലുവ: മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ നൽകിയ പവർബാങ്ക് തിരികെ ചോദിച്ചതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ ക്രൂരമായി മർദിച്ച ശേഷം ഹോട്ടൽ തല്ലിത്തകർത്തു.
തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹോട്ടലുടമ അമ്പാട്ടുകാവ് സ്വദേശി ദിലീപി (48)നെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്പിവടിക്കാണ് ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 12 ഓടെ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം മൈ ടർക്കിഷ് മന്തി എന്ന ഹോട്ടലിലാണ് അക്രമണം നടന്നത്. എടത്തല, പേങ്ങാട്ടുശേരി, കോമ്പാറ സ്വദേശികളാണ് ആക്രമണം നടത്തിയത്.
പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്ന് സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു.
ഇതിനിടെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ അക്രമികളായ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന.
അക്രമിസംഘം ചൊവ്വാഴ്ച രാത്രിയും ഹോട്ടലിൽ നിന്നു ഭക്ഷണം പാർസലായി വാങ്ങിയിരുന്നു. കാർ പാർക്ക് ചെയ്ത ശേഷം ഹോട്ടൽ ജീവനക്കാരനെ പുറത്തേക്ക് വിളിച്ചാണ് ഓർഡർ നൽകിയത്.
പാർസൽ കിട്ടിയതോടെ പണം നൽകാതെ കാറോടിച്ച് പോയെന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. പിറ്റേന്നു ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ ഹോട്ടലുടമ ദിലീപ് തിരിച്ചറിഞ്ഞതിനാൽ മുൻകൂറായി പണം നൽകണമെന്നാവശ്യപ്പെടാൻ ജീവനക്കാർക്ക് നിർദേശം നൽകി.
സംഘത്തിലുള്ളവർ പുറത്തിറങ്ങി വന്നു തുക ഗൂഗിൾ പേ വഴി നൽകി.തുടർന്നു മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സംഘം ദിലീപിനോടു പവർബാങ്ക് ആവശ്യപ്പെട്ടു.
താൻ നൽകിയ പവർ ബാങ്കുമായി സംഘം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ദിലീപ് അതു പിടിച്ചു വാങ്ങി. ഇതിൽ പ്രകോപിതരായ പ്രതികൾ അരമണിക്കൂറിനകം തിരിച്ചെത്തിയാണ് കൗണ്ടറിലിരുന്ന ദിലീപിനെ കമ്പിവടിക്ക് അടിച്ചത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ അക്രമം മൊബൈൽ ഫോണിൽ ചിത്രീകരിച്ചപ്പോൾ ഇയാളെ ഭീഷണിപ്പെടുത്തി ഓടിച്ചു.
ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരും ജീവനക്കാരും ഹോട്ടലിന് പുറകിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.ദിലീപിന്റെ തലയിൽ പത്ത് സ്റ്റിച്ച് ഉണ്ട്. വലതുകൈ ഒടിഞ്ഞു.
ഹോട്ടലിലെ ചില്ല്മേശകൾ, കസേരകൾ, അലമാര എന്നിവയും തല്ലിത്തകർത്തു. ഹോട്ടൽ ആക്രമിച്ച് ഉടമയെ മർദിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യും: റൂറൽ എസ്പി
ആലുവ: ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.
പുതിയതായി ചാർജ് എടുത്ത ശേഷം ആലുവയിലെ മാധ്യമളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. വിദ്യാർഥികൾക്കിടയിൽ വിവിധ വിഷയങ്ങളിൽ നടക്കുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമായി കൊണ്ടു പോകുമെന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ മുന്നിട്ടിറങ്ങുമെന്നും എസ്പി പറഞ്ഞു.