നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ ചോളം വിളയിച്ച് ശ്രദ്ധേയനാകുകയാണ് ആറാംക്ലാസ് വിദ്യാര്‍ഥി ഇവാന്.
ഒരു പരീക്ഷണമായി ഇവാന് ടോം ജിജു തുടങ്ങിയ ഉദ്യമം ഇന്ന് അഞ്ചു സെന്റില്‍ വിളവെടുപ്പ് പാകത്തിനെത്തി.
നെല്ലും തെങ്ങും മാത്രം കൃഷി ചെയ്യുന്ന അപ്പര്‍കുട്ടനാട്ടിലാണ് ഇവാന്റെ ചോളക്കൃഷി.
നിരണം മാര്‍ത്തോമ്മന്‍ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതല്‍ കൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
വീട് നില്ക്കുന്ന 14 സെന്റില്‍ വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള അഞ്ചു സെന്റ് സ്ഥലത്താണ് ചോളം കൃഷി ചെയ്തിരിക്കുന്നത്.
മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയിലാണ് കൃഷി. നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്.
ഇതില്‍ നിറയെ ചോളം വിളയുകയും ചെയ്യുന്നു. ചാണകം മാത്രം വളമായിട്ടാണ് ഇവാന് തന്റെ ചോള കൃഷിയെ പരിപോഷിപ്പിക്കുന്നത്.
രാവിലെയും വൈകുന്നേരവും വെള്ളം കൃത്യമായി ഒഴിക്കും. കീടങ്ങളുടെ ശല്യം ചോളത്തിനുണ്ടാകാത്തതിനു കാരണം യാതൊരു വിധമായ വളര്‍ച്ച മുരടിപ്പും ഇല്ല.
അപ്പര്‍കുട്ടനാട്ടില്‍ ചോളം കൃഷി ചെയ്ത് വിളവെടുക്കുന്ന ഇവാന്റെ കൃഷി വൈഭവം കാണാന്‍ നിരവധി പേര് വീട്ടിലെത്തുന്നുണ്ട്.
ചെറുപ്പം മുതല്‍ ചോളം ഏറെ ഇഷ്ടപ്പെടുന്ന ഇവാന് ചോളം എവിടെ കണ്ടാലും മാതാപിതാക്കളെ കൊണ്ട് വാങ്ങിച്ച് ഭക്ഷിക്കും.
വാഗമണ്ണിലെത്തിയപ്പോള്‍ ചോളം വില്‍ക്കുന്നയാളില്‍ നിന്ന് ഉണങ്ങിയ ഒരു ചോളം വാങ്ങുകയും നിരണത്ത് കൊണ്ടുവന്ന് കുരുപ്പിച്ച് നടുകയുമായിരുന്നു.
കോവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ വീട്ടിലിരിക്കുന്ന സമയത്തു കൃഷിയെ ഏറെ പരിപാലിക്കാന്‍ ഇവാന് കഴിഞ്ഞു.
മണ്ണിളക്കി കുഴിയെടുത്ത് നട്ടതും വെള്ളം ഒഴിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ആറാം ക്ലാസുകാരന് ഇവാന് തന്നെയാണ്.
ചോള കൃഷിയെ കൂടാതെ കാബേജ്, ക്വാളിഫ്ളവര്‍, വിവിധയിനം പയര്‍, പാവല്‍, കോവല്‍, വെണ്ട, പച്ചമുളക്, കാന്താരി, പടവലം തുടങ്ങിയവയെല്ലാം വീടിന്റെ പച്ചക്കറി കൃഷി തോട്ടത്തിലുണ്ട്.
ഈ കൃഷികളില്‍ നിന്നെല്ലാം ഇപ്പോള്‍ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. കീടനാശിനികള്‍ ഒന്നും ഉപയോഗിക്കാതെ ചാണകം മാത്രം വളമായി ഉപയോഗിച്ചാണ് കൃഷിയിടത്തെ വ്യത്യസ്തമാക്കുന്നത്.
നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ബിന്ദു ജെ. വൈക്കത്തുശേരിയുടെയും ഇളയ മകനാണ് ഇവാന്. ക്രിസ്റ്റിയാണ് ഏക സഹോദരന്.