അമ്മയായതിനുശേഷം വീണ്ടും തന്റെ പ്രഫഷണൽ ലൈഫിലേക്ക് പഴയതിനേക്കാൾ ഇരട്ടി എനർജിയോടെ തിരികെ വന്നിരിക്കുകയാണ് നടി അമല പോൾ. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽക്രോസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കുകളിലാണ്.
പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ അമല ലെവൽ ക്രോസ് ടീമിനൊപ്പം എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസായിരുന്നു ധരിച്ചിരുന്നത്.
പരിപാടിക്കിടെ വിദ്യാർഥികൾക്കൊപ്പം അമല നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്കുനേരേ വലിയരീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്നു വരെ വിമർശനം ഉയർന്നു.
ഇപ്പോഴിതാ വിഷയത്തിൽ നടി അമല പോൾതന്നെ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. “”ആ വിഷയത്തിൽ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്.
ഞാൻ സാരിയും സൽവാറും വെസ്റ്റേൺ ഡ്രസുമെല്ലാം ധരിക്കാറുണ്ട്. എനിക്ക് എന്താണ് കംഫർട്ടബിൾ, എന്റെ മൂഡ് എന്താണ് അതിനനുസരിച്ചാണ് ഞാൻ വസ്ത്രം തെരഞ്ഞെടുക്കുന്നത്. ഞാൻ ഇട്ട വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല.
ചിലപ്പോൾ അത് കാമറയിൽ കാണിച്ചവിധം മോശമായിരുന്നിരിക്കാം. അവിടെയുണ്ടായിരുന്ന സ്റ്റുഡൻസിനോ അല്ലെങ്കിൽ എനിക്കോ അതൊരു റോംഗ് ഡ്രസാണെന്ന് തോന്നിയില്ല. അത് എങ്ങനെ കാമറയിൽ കാണിക്കുന്നുവെന്നത് എന്റെ കൺട്രോളിലല്ലല്ലോ. അതിൽ എനിക്ക് ഒരു റോളുമില്ല. ഞാൻ ധരിച്ച വസ്ത്രം എങ്ങനെ കാണണം എങ്ങനെ ഷൂട്ട് ചെയ്യണമെന്നത് എന്റെ കൺട്രോളിലല്ല.
കോളജിൽ പോയപ്പോൾ കൊടുത്ത മെസേജും അത് തന്നെയാണ്. നിങ്ങൾ നിങ്ങളായിരിക്കുക. എന്ത് വസ്ത്രം ധരിച്ചാലും കമന്റിടാമല്ലോ. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ ഫോക്കസ് ചെയ്യാറുമില്ല. ഞാൻ ഒരു അഭിനേത്രിയാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്ന കാര്യങ്ങളിലേക്ക് എനിക്ക് എനർജി കൊടുക്കണം”- അമല പറയുന്നു.