ലോകം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ബെസോസ് !എല്ലാവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയതോടെ ലോകത്തെ അനിഷേധ്യ കമ്പനിയായി വളര്‍ന്ന് ആമസോണ്‍; ഇന്നലെ പുതുതായി നിയമിച്ചത് 75000 ജീവനക്കാരെ…

ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് കേട്ടിട്ടില്ലേ. ഈ കൊറോണക്കാലം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ജെഫ് ബെസോസിനെ സമ്പന്ധിച്ച് അത്തരത്തിലുള്ളതാണ്. കോവിഡ് ലോകത്തെ ചീയിക്കുമ്പോള്‍ അത് ബെസോസിന് വളമാകുകയാണ്.

ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആളുകള്‍ എല്ലാം പര്‍ച്ചേസിംഗ് ഓണ്‍ലൈനിലാക്കിയതോടെയാണ് ആമസോണ്‍ വന്‍ വളര്‍ച്ച കൈവരിച്ചത്.

ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ആമസോണ്‍ ഓഹരിയുടെ വില 2,283.32 ഡോളറായിരുന്നു, ഇതിനു മുന്‍പ് ഈ ഓഹരി കൈവരിച്ച ഏറ്റവും കൂടിയ മൂല്യം 2,170.32 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇത് കൈവരിച്ചത്.

സിയാറ്റില്‍ ആസ്ഥാനമാക്കി, ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി 1994 ലാണ് ആമസോണ്‍ രൂപീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അതൊരു ഓണ്‍ലൈന്‍ ഷോപ്പിങ് സെന്റര്‍ ആയിമാറുകയായിരുന്നു.

കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങള്‍ക്ക് താത്ക്കാലികമായി താഴിട്ടപ്പോള്‍, ആമസോണിന് അത് അനുഗ്രഹമാവുകയായിരുന്നു.

ഓണ്‍ലൈന്‍ ഷോപ്പിലൂടെയുള്ള വില്പന മാത്രമല്ല, ക്ലൗഡ് ഉള്‍പ്പടെ ആമസോണ്‍ നല്‍കുന്ന മറ്റ് സേവനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായി.

ഡിമാന്റ് വര്‍ധിച്ചതോടെ ഒരു മാസം മുമ്പ് കമ്പനി ഏകദേശം 1,00,000 ഒഴിവുകള്‍ നിറയ്ക്കുവാനായി പരസ്യം നല്‍കുകയും അവയിലൊക്കെ ആളുകളെ നിയമിക്കുകയും ചെയ്തു.

അതിനുപുറമെ ഇന്നലെ വീണ്ടും 75,000 പേരുടെ ഒഴിവുകള്‍ കാണിച്ചുകൊണ്ട് കമ്പനി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

ഇനിയും ധാരാളം ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുണ്ട്. മുന്‍ഗണന ക്രമത്തില്‍ അവയെല്ലാം വിതരണം ചെയ്യുമെന്നും അതിനായി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറഞ്ഞത്.

എന്നിരുന്നാലും ഡെലിവറിയ്ക്കായി പുറത്തു പോകുന്ന ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ആമസോണിനെ വിവാദത്തില്‍പ്പെടുത്തിയിരുന്നു.

.

Related posts

Leave a Comment