ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ പോലീസ് കേസെടുത്തു.
സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. മേയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം വേദിയിൽ കുട്ടികൾ ഉണ്ടായിരുന്നെന്നും അതിൽ ഒരു കുട്ടി ബിജെപി ചിഹ്നം കൈയിൽ പിടിച്ചിരുന്നെന്നും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകാൻ പാടില്ലെന്നാണു ചട്ടം. ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.
അതേസമയം, അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ എഐസിസി സോഷ്യൽ മീഡിയ സെല്ലിന്റ് ദേശീയ കോർഡിനേറ്ററായ അരുൺ റെഡ്ഡിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.