കൊച്ചി: ചലച്ചിത്ര സംഘടനകളുടെ വിലക്കിനു പിന്നാലെ ‘അമ്മ’യില്‍ അംഗത്വം തേടിയ നടന് ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കൊരുങ്ങി അമ്മ നേതൃത്വം.
ജൂണ്‍ 25ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനു മുമ്പായി കൂടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാകും ശ്രീനാഥിന്റെ അപേക്ഷ പരിഗണിക്കുക.
വിവിധ സിനിമാ സംഘടനകള്‍ ശ്രീനാഥിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അംഗത്വം നല്കുന്ന കാര്യം വിശദമായി പരിശോധിച്ചശേഷമേ തീരുമാനിക്കൂ.
ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍ അംഗത്വം നല്കാന് സംഘടനയ്ക്കു കഴിയില്ല. സംഘടനകളുടെ വിലക്കിനു പിന്നാലെ കഴിഞ്ഞദിവസമാണ് അമ്മയുടെ കലൂരിലെ ഓഫീസിലെത്തി ശ്രീനാഥ് അംഗത്വത്തിനുള്ള അപേക്ഷ നൽകിയത്.
നിര്‍മാതാവില്‍നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂള്‍ പാലിക്കാതെ ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തുവെന്നും സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ സിനിമാ സംഘടനകളുടെ നടപടി.
നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന് നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത അഭിനേതാക്കളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് റിസ്കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.