മാങ്കാംകുഴി: കിണറ്റിൽ വീണ രണ്ടു വയസുകാരൻ അനുജനെ എട്ടു വയസുകാരിയായ സഹോദരി കിണറ്റിൽ നിന്നു സാഹസികമായി രക്ഷിച്ചു.
മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാ കൂട്ടത്തിൽ വാടകക്ക് താമസിക്കുന്ന ഇവാനെയാണ് (അക്കു -02) മൂത്ത സഹോദരി ദിയ ഫാത്തിമ (08) അതിസാഹസികമായി രക്ഷിച്ചത്.ദിയ വെട്ടിയാർ ഇരട്ട പള്ളിക്കൂടം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാത്രം കഴുകുകയായിരുന്നു അമ്മ ഷാജില, ഉണങ്ങിയ തുണി എടുക്കുകയായിരുന്ന ഇവാന്റെ മൂത്ത സഹോദരിമാരായ ദിയ ഫാത്തിമ, ദുനിയ ഫാത്തിമ (07) എന്നിവരുടെ കണ്ണുവെട്ടിച്ചാണ് ഇരുമ്പു ഗ്രിൽ ഉപയോഗിച്ച് അടച്ചിരുന്ന കിണറിനു മുകളിലേക്കു ഇവാൻ കയറിയത്.
തുരുമ്പിച്ച ഗ്രില്ലിന്റെ മധ്യഭാഗം തകർന്നു വീഴുകയും ഇവാൻ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കു വീഴുകയുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനുള്ളിൽ മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ ഊർന്നിറങ്ങി കിണറ്റിലെ വെള്ളത്തിൽ കിടന്ന അനുജനെ ഉയർത്തിയ ശേഷം പൈപ്പിൽ പിടിച്ചു കിടന്നു.
നിലവിളി കേട്ട അയൽവാസികളും ഓടിയെത്തി പ്രദേശവാസികളായ അഖിൽ ചന്ദ്രൻ, ബിനോയി, ഇതര സംസ്ഥാന തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാശ്രമം നടത്തി.
കയർ ഉപയോഗിച്ചു കിണറ്റിലിറങ്ങി ആദ്യം ഇവാനെ മുകളിലെത്തിച്ചു. കിണറ്റിലേക്കിട്ട കയറിൽ തൂങ്ങിപ്പിടിച്ചു മുകളിലേക്കു കയറിയ ദിയയേയും തൊട്ടുപിന്നാലെ മുകളിലെത്തിച്ചു.
തലയിൽ ചെറിയ മുറിവേറ്റ ഇവാനെ ആദ്യം ജില്ലാ ആശുപ്രതിയിലും പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചു. പി ഡബ്യൂ ഡി കോൺട്രാക്ടർ ആയ സനലാണ് പിതാവ്.