റഷ്യ – യുക്രൈന് യുദ്ധത്തിനിടയ്ക്ക് നടന്ന ചില വിവാഹങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പലതും ബങ്കറുകളില്‍ വച്ചും മറ്റുമാണ് നടന്നത് എന്നതായിരുന്നു ആ വാര്‍ത്താപ്രാധാന്യത്തിന് കാരണം.
ഇപ്പോഴിതാ ഒരു അപൂര്‍വ പ്രണയകഥയാണ് വാര്‍ത്തയാകുന്നത്. യുക്രൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ന ഹൊറോഡെറ്റ്സ്കയും ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനും തമ്മിലുള്ള സൗഹൃദത്തിനാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശുഭപര്യവസാനമായത്.
യുക്രൈനിലെ കീവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു അന്ന. 2019ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് അനുഭവ് ഭാഷിനുമായി പരിചയത്തിലാകുന്നത്.
തുടര്‍ന്ന് ഇരുവരും പരസ്പരം നമ്പറുകള്‍ കൈമാറുകയും തുടര്‍ന്ന് സൗഹൃദത്തിലാവുകയുമായിരുന്നു.
സൗഹൃദം പ്രണയത്തിനു വഴിമാറിയതോടെ ഇരുവരും മാര്‍ച്ചില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ യുദ്ധം വിലങ്ങുതടിയായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. കീവില്‍ റഷ്യന്‍ സൈന്യവും യുക്രൈന് സൈന്യവും ഏറ്റു മുട്ടിയപ്പോള്‍ അന്ന ബങ്കറില്‍ അഭയംപ്രാപിച്ചു.
യുക്രൈനിലെ സാഹചര്യം അനുകൂലമല്ലെന്ന് ഉറപ്പായതോടെ ഒടുവില്‍ അന്ന രാജ്യം വിട്ട് ഇന്ത്യയില്‍ എത്താന്‍ തീരുമാനിക്കുകയായിരുന്നു.
റഷ്യ യുക്രൈനില്‍ അധിനിവേശത്തിനൊപ്പം തന്നെ തങ്ങള്‍ ഇരുവരും തമ്മിലുള്ള യുദ്ധമാരംഭിച്ചിരുന്നുവെന്ന് അന്ന തമാശരൂപേണ പറയുന്നു.
കീവ് വിടാന്‍ വേണ്ടി അനുഭവ് ആദ്യം തന്നെ നിര്‍ദേശിച്ചിരുന്നെങ്കിലും താന്‍ അതിന് സമ്മതിച്ചിരുന്നില്ലെന്ന് അന്ന പറയുന്നു.
പിന്നീട് യുദ്ധം ആരംഭിച്ചപ്പോള്‍ ട്രെയിന്‍ കയറി പാലായനം ചെയ്യാന്‍ വേണ്ടി അനുഭവ് ആദ്യം തന്നെ നിര്‍ദേശിച്ചിരുന്നെങ്കിലും താന്‍ അതിന് സമ്മതിച്ചിരുന്നില്ലെന്ന് അന്ന പറയുന്നു.
ഒടുവില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ബങ്കറില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രയും അനുഭവ് തടഞ്ഞിരുന്നു.
എന്നാല്‍ നീ കാത്തിരിക്കൂ, ഞാന്‍ ഇന്ത്യയിലേക്ക് വരുന്നു എന്നായിരുന്നു അനുഭവിനോട് പറഞ്ഞത് എന്ന് അന്ന പറഞ്ഞതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അന്ന വന്നിറങ്ങിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ അന്നയെ സ്വാഗതം ചെയ്ത അനുഭവ് വീണ്ടുമൊരിക്കല്‍ കൂടി പ്രണയാര്‍ദ്രമായൊരു അഭ്യര്‍ത്ഥന നടത്തി, ‘Will you marry me?’ ദീര്‍ഘ യാത്ര കഴിഞ്ഞെത്തിയ അന്നയ്ക്ക് ‘യെസ്’ പറയാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
ലോക്ഡൗണ്‍ അതിജീവിക്കാന്‍ വേണ്ടി രണ്ടു പേരും പരസ്പരം സഹായിച്ചുവെന്ന് അനുഭവ് പറയുന്നു. അനുഭവിന്റെ അമ്മയാണ് മകനെ കല്യാണം കഴിക്കാമോ എന്ന് ആദ്യം അഭ്യര്‍ത്ഥിച്ചത്.
തുടര്‍ന്ന് രണ്ടു പേരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് യുദ്ധം കടന്നു വന്നതെന്ന് അനുഭവ് വ്യക്തമാക്കി.