അച്ഛന്റെ തിരക്കഥയിൽ മകൾ സംവിധാനം ചെയ്യുന്ന സിനിമ ഉടൻ പ്രദർശനത്തിനെത്തുന്നു.പോലീസ് ഓഫീസറായ എൻ.വി.അഗസ്റ്റിന്റെ തിരക്കഥയിലാണ് പ്ലസ്ടു വിദ്യാർഥിനിയായ മകൾ അനിറ്റ അഗസ്റ്റിൻ സിനിമ സംവിധാനംചെയ്യുന്നത്. ഒടിടി പ്ലാറ്റ് ഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ അനിറ്റ അഗസ്റ്റിൻ. അഗസ്റ്റിനും മകളും കണ്ണൂർ ഒടുവള്ളി ഹാജി വളവ് സ്വദേശികളാണ്. അച്ഛൻ അഗസ്റ്റിൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഒപ്പം, നിരവധി ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളാണ് മൂരി എന്ന സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഫിഡലാണ് നായകൻ. പുതുമുഖങ്ങളാണ് അഭിനയിക്കുന്നവരേറെയും.
ആറോളം ടെലിഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള അനിറ്റയുടെ ആദ്യ അനുഭവമാണ് സിനിമാ സംവിധാനം.മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൽസൺ മേക്കുന്നേലാണ് സിനിമ നിർമിക്കുന്നത്. പി.ജെ. സാജൻ ഛായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്നു.
രണ്ടു മണിക്കൂറുള്ള സിനിമ 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.