കോട്ടയം: കേരള കോണ്ഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ, അനൂപ് ജേക്കബ് വിഭാഗങ്ങൾ ഒരേദിവസം വ്യത്യസ്തയോഗങ്ങൾ വിളിച്ചുചേർത്തു ശക്തി തെളിയിക്കുന്നു. 21-നു കോട്ടയത്താണ് ഇരുവിഭാഗവും യോഗം ചേരുന്നത്. ജോണി നെല്ലൂർ കോട്ടയം കെപിഎസ് മേനോൻ ഹാളിലും അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണു യോഗം ചേരുന്നത്.
ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കേരള കോണ്ഗ്രസ്-മാണി (ജോസഫ്) വിഭാഗത്തിനൊപ്പം ലയിക്കണമെന്ന നിലപാടിൽ ചർച്ചകൾ പുരോഗമിക്കുന്പോൾ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ളവർ ലയനത്തെ എതിർക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ അനൂപ് ജേക്കബ് വിളിച്ചു ചേർത്ത യോഗത്തിൽ 11 സംസ്ഥാന കമ്മിറ്റി ഭാരവാഹികളും 10 ജില്ലാ പ്രസിഡന്റമാരും പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റുമാർ അനൂപിനൊപ്പം നിൽക്കുന്പോൾ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ ജോണി നെല്ലൂരിനെ പിന്തുണയ്ക്കുന്നു. പാലക്കാട് ജില്ലാ പ്രസിഡന്റ് അവധിക്ക് അപേക്ഷ നൽകിയെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
70 അംഗ ഹൈപവർ കമ്മിറ്റിയിൽ 42 പേർ പങ്കെടുത്തെന്നും ഒന്പതു പേർ ലീവിന് അപേക്ഷ നൽകിയെന്നും അനൂപ് പറഞ്ഞു. രണ്ടു വൈസ്പ്രസിഡന്റുമാർ ജോണി നെല്ലൂരിനൊപ്പമാണ്. ഒരാൾ അനൂപ് ജേക്കബിനെ പിന്തുണയ്ക്കുന്നു. അനൂപ് ജേക്കബ് 21നു കോട്ടയത്ത് സന്പൂർണ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികളുടെ യോഗവും ഹൈപവർ കമ്മിറ്റി യോഗവും ചേരും. ലയനം വേണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയാൽ മതിയെന്നും കോട്ടയത്തു ചേർന്ന അനൂപ് ജേക്കബ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തു.