പത്തനംതിട്ട: പമ്പാവാലിയില്‍ സ്ത്രീകളെയും കുഞ്ഞിനെയും ആക്രമിച്ച വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആന്റോ ആന്റണി എംപി മന്ത്രി കെ. രാജുവിനെ കണ്ട് ആശങ്ക അറിയിച്ചു.
കാലിനു സ്വാധീനക്കുറവുണ്ടായിരുന്ന വീട്ടമ്മയെയാണ് ഡെപ്യൂട്ടി റേഞ്ചര്‍ വീടുകയറി ആക്രമിച്ചത്.
ഇവരുടെ കാലിന് ഇയാള്‍ ചവിട്ടിയതോടെ ഇപ്പോള്‍ നടക്കാന്‍ പോലുമകാത്ത സ്ഥിതിയിലാണെന്ന് എംപി ചൂണ്ടിക്കാട്ടി.
ഇതേ വീട്ടില്‍ അമ്മയുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞതായും പരാതിയുണ്ട്. സ്ത്രീകളെ ആക്രമിച്ച ഉദ്യോഗസ്ഥനെ ഇത്രയും ദിവസമായിട്ടും സംരക്ഷിച്ചു നിര്‍ത്തുന്ന നടപടി അന്യായമാണ്.
പോലീസ് ജാമ്യമില്ലാവകുപ്പു പ്രകാരം എടുത്ത കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി രക്ഷപെടുത്തുകയാണുണ്ടായതെന്ന് എംപി പറഞ്ഞു.
ആന്റോ ആന്റണിയുടെ പരാതി ഗൗരവപൂര്‍വം എടുത്തിട്ടുള്ളതാണെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും കെ. രാജു ഉറപ്പു നല്കി.