തൊടുപുഴ: അരിക്കൊന്പൻ അരിതേടി നാട്ടിലിറങ്ങാതിരിക്കാൻ കാടിനുള്ളിൽ ഭക്ഷണ സാധനങ്ങളെത്തിച്ച് തമിഴ്നാട്. തേനിക്കു സമീപത്തായി പൂശാരം പെട്ടി പെരുമാൾ കോവിലിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊന്പന് അരിയും ചക്കയും വാഴക്കുലയുമാണ് തമിഴ്നാട് വനംവകുപ്പ് എത്തിച്ചു നൽകിയത്.
ആന ചുറ്റിതിരിയുന്ന മേഖലകളിൽ ഇവ വിതറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷണ്മുഖനദി ഡാമിനു സമീപത്തായിരുന്ന ആന ജനവാസമേഖലയ്ക്കു കൂടുതൽ അടുത്തേക്ക് എത്തിയിരിക്കുകയാണ്.
സാഹചര്യങ്ങൾ അനുകൂലമായ സ്ഥലത്ത് ആനയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊന്പൻ ജനവാസമേഖലയിലിറങ്ങി വീണ്ടും ഭീതി വിതയ്ക്കാതിരിക്കാൻ വനംവകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ആനയെ നിരീക്ഷിക്കാൻ വനപാലകർക്കു പുറമെ തമിഴ്നാട് ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെയും നിയോഗിച്ചു. ആനയെ പിടികൂടി മെരുക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
കാട്ടാന ഓടിക്കുന്നതിനിടെ 301 കോളനി സ്വദേശി കുമാറിനാണു പരിക്കേറ്റത്. ചക്കക്കൊന്പനാണ് ആക്രമിച്ചതെന്ന് കുമാർ പറഞ്ഞു. കോളനിയിലെ ഇടിക്കുഴി ഭാഗത്തു വീടിനു സമീപത്തുവച്ചാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്.
കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന കുമാറിനെ തട്ടി ഇടുകയായിരുന്നുവെന്ന് പറയുന്നു . തലക്കും വാരിയെല്ലിനും പരിക്കേറ്റ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.