തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ സംഭവത്തിൽ എക്സൈസ് പിടിയിലായ പ്രതി ആലപ്പുഴ പൂങ്കാവ് വലിയവീട്ടിൽ ആന്റണി (35) ചില്ലറ വില്പനക്കാരൻ.
വലിയ രീതിയിൽ കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ച ശേഷം ആവശ്യപ്പെടുന്നവർക്ക് ചെറിയ പായ്ക്കറ്റുകളിലായി നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തൃപ്പൂണിത്തുറ പുതിയകാവ് പാവംകുളങ്ങര ക്ഷേത്രത്തിനു പിന്നിലുള്ള ചിറ്റേക്കടവ് റോഡിലെ വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ആന്റണിയുടെ ലഹരി വില്പന.
പതിനഞ്ച് കിലോ കഞ്ചാവും അഞ്ച് കിലോ ഹഷീഷ് ഓയിലുമാണ് കണ്ടെടുത്തിട്ടുള്ളത്. ആന്ധ്രയിൽനിന്നാണ് ഇയാൾ ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്.
പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡാണ് വ്യാഴാഴ്ച വൈകി പരിശോധന നടത്തിയത്.
എക്സൈസ് അസി. കമ്മീഷണർ ശശികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ വിനോജ്, ഇൻസ്പെക്ടർ എൻ. ശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, രമേശൻ, സിജി പോൾ, സിഇഒമാരായ സതീഷ് ബാബു, ശ്രീകുമാർ, രാജേഷ്, ജോമോൻ, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.