വടക്കാഞ്ചേരി: കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം 500 കിലോമീറ്റർ അകലെ കൊണ്ടുവന്നു തള്ളി രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം വിഫലമായി. യുവാവ് അറസ്റ്റിലായി.
പന്നിയങ്കരയിൽ റബർതോട്ടങ്ങൾക്കിടയിലെ മണ്വഴിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട സംഭവപരന്പരകളുടെ ചുരുളഴിഞ്ഞു. മരിച്ചയാളും ഇടിച്ച കാറും ബംഗളൂരുവിലേതാണെന്നു കണ്ടെത്തി. ബംഗളൂരൂ ദേവനഹള്ളി മുദ്ധനായിക്കൻഹള്ളി വെങ്കിടേശപ്പ(67)യാണ് മരിച്ചയാൾ.
ബംഗളൂരൂ ആനേക്കൽ ബൈഗഡ ദേനഹള്ളിയിൽ അങ്കൻ മിത്ര(37)യെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച ഹ്യുണ്ടായി ഇയോണ് കാറും കസ്റ്റഡിയിലെടുത്തു.
കാറിന്റെ പിറകിലെ സീറ്റിൽ ഇരുത്തിയ നിലയിൽ കൊണ്ടുവന്ന മൃതദേഹം പതിനേഴുമണിക്കൂറോളം സമയമെടുത്താണ് അഞ്ഞൂറു കിലോമീറ്ററോളം യാത്ര ചെയ്തു പന്നിയങ്കരയിലെത്തിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര.
പോലീസ് പറയുന്നത് ഇങ്ങനെ: ബംഗളൂരൂ ദേവനഹള്ളിയിലെ ഷെൽ ഇന്ത്യ മാർക്കറ്റിംഗ് കന്പനിയിൽ ഗ്ലോബൽ ഒപ്റ്റിമൈസേഷൻ എൻജിനീയറാണ് അങ്കൻ മിത്ര. ജോലിസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെ നാലിനു രാവിലെ 7.30 നു തിമ്മസന്ദ്ര എന്ന സ്ഥലത്തുവച്ച് റോഡ് മുറിച്ചുകടന്ന വെങ്കിടേശപ്പയെ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വെങ്കിടേശപ്പയെ നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ പിൻസീറ്റിൽ കയറ്റിക്കിടത്തി. സമീപത്തെ ക്ലിനിക്കുകൾ തേടി പോകുന്നതിനിടെ വെങ്കിടേശപ്പ മരിച്ചു. ഇതുകണ്ടു പേടിച്ച യുവാവ് മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
മൃതദേഹം പിൻസീറ്റിലിരുത്തി 500 കിലോമീറ്റർ പിന്നിട്ടു വടക്കാഞ്ചേരിയിലെത്തി. പിന്നെയും തൃശൂർ ഭാഗത്തേക്കുപോയി ചുവന്നമണ്ണ് പട്ടിക്കാടെത്തി. എന്നാൽ ദേശീയപാതയിൽ ആളുണ്ടായതിനാൽ മൃതദേഹം ഉപേക്ഷിക്കാനാകാതെ തിരിച്ചു വീണ്ടും പന്നിയങ്കരയിലെത്തി.
ഇടത്തെ ഇടവഴിയിൽ കയറി മൃതദേഹം മണ്വഴിയിലെ ചാലിൽ തള്ളുകയായിരുന്നു. പിന്നീട് 70 മീറ്റർ കൂടി മുന്നോട്ടുപോയി കാർ തിരിച്ച് പന്നിയങ്കര വഴി ഇറങ്ങി ദേശീയപാതയിലൂടെ ബംഗളൂരുവിലെത്തി.
പന്നിയങ്കര ദേശീയപാതയിൽ നിന്നു രാത്രി ചൂരക്കോട്ട് കുളന്പിലേക്ക് കാർ പോകുന്നതു സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞതാണ് കേസിനു വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണം പ്രതിയെ വലയിലാക്കാൻ സഹായിച്ചു.
അപകടം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച രേഖകൾ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ വെങ്കിടേശപ്പയാണെന്നു തിരിച്ചറിഞ്ഞത്. വിവാഹ ദല്ലാളായ ഇയാൾ അവിവാഹിതനാണ്. സഹോദരന്റ വീട്ടിലാണ് താമസിച്ചിരുന്നത്.
വീട്ടിൽനിന്നു പോയാൽ ദിവസങ്ങൾ കഴിഞ്ഞേ പലപ്പോഴും വരാറുള്ളൂ എന്നതിനാൽ ബന്ധുക്കൾ പരാതി നല്കിയിരുന്നുമില്ല. വെങ്കിടേശപ്പയുടെ വീടും അപകടം നടന്ന സ്ഥലവും തമ്മിൽ 35 കിലോമീറ്ററോളം ദൂരമുണ്ട്.
മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെതുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി. പ്രതി അങ്കൻ മിത്രയുമായി പോലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തും മറ്റും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മനപ്പൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ ചുമത്തിയിട്ടുളളത്.