കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ടയാളെ പിടികൂടി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് ആയിരുന്ന കോട്ടയം പാലാ സ്വദേശി പി.കെ. മോഹന്‍ദാസിനെയാണ് ഡല്‍ഹിയില്‍ നിന്നും പാലാ പോലീസ് പിടികൂടിയത്.
പലരില്‍ നിന്നായി പിരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരില്‍ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചാണ് മോഹന്‍ദാസ് തട്ടിപ്പ് നടത്തിയത്. വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ചും ഇയാള്‍ നിരവധി പേരില്‍ നിന്നും പണം തട്ടി.
പോലീസ് ഇയാളെ പിടികൂടിയെങ്കിലും 2008ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി കുടുംബത്തോടൊപ്പം മുങ്ങുകയായിരുന്നു. പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ കഴിഞ്ഞ 14 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞത്.
കേരളത്തിൽ നിന്നു ഇയാൾ പഞ്ചാബിലേക്കാണ് രക്ഷപ്പെട്ടത്. അവിടെ അധ്യാപകനായും ക്ഷേത്രത്തിൽ കഴകക്കാരനായും ജോലി ചെയ്തു. പഞ്ചാബിലെ വിലാസത്തിൽ ആധാർ കാർഡും സ്വന്തമാക്കി.
2013ൽ പോലീസ് പഞ്ചാബിൽ അന്വേഷിച്ചെത്തിയതോടെ അവിടെ നിന്ന് മുങ്ങി. പിന്നീട് ഡൽഹിയിലെ രോഹിണിയിൽ ഒരു ക്ഷേത്രത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ ഇയാളുടെ ഭാര്യയും മക്കളും പൊള്ളാച്ചിയിലുണ്ടെന്ന് പോലീസ് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഫോൺ കോളുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.