കാട്ടാക്കട : ക്രിമിനൽ കേസുകളിൽ പ്രതിയായ പറക്കുംതളിക ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു.
ഉറിയാക്കോട് പൊന്നെടുത്തകുഴി മലങ്കരപ്പള്ളിക്കു സമീപം ബഥേൽ മന്ദിരത്തിൽ സ്റ്റീഫൻസൺ(48) സ്റ്റീഫൻസന്റെ മക്കളായ സാംജി സ്റ്റീഫൻ (28) , സാജൻ സ്റ്റീഫൻ (25). അവരുടെ ബന്ധുവായ ലിജോ (37) എന്നിവരെ ശ്രീകാര്യത്തെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ തലയ്ക്കും കൈകാലുകൾക്കും വെട്ടേറ്റ ബൈജു മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപരമായ വിഷയമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ നാലുവർഷത്തിനിടിയിൽ ഇരുകൂട്ടരും മുൻപ് രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. 2018ൽ നെടിയവിളയിൽ ബൈജുവിനു നേരേ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ബൈജു ബന്ധുവായ ലിജുവിനെ പൊന്നെടുത്തകുഴി കവലയിൽ റോഡിലിട്ടു വെട്ടിയിരുന്നു.