തെന്മല: തെന്മല വന്യജീവി സങ്കേതത്തില്‍ കടന്നു മയിലിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി.
കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റ് മാനേജര്‍ റാന്നി നെല്ലിക്കാമണ്‍ പുല്ലില്‍ തടത്തില്‍ സെന്‍ ജയിംസ് (34), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തൊടുപുഴ ആലക്കോട് കല്ലിടുക്കില്‍ വീട്ടില്‍ സിജോ ജോയ് (42), എസ്റ്റേറ്റ് ജീവനക്കാരന് കുളത്തുപ്പുഴ ചെമ്പനഴികം തടത്തരികത്ത് വീട്ടില്‍ ഷാജി (51) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരത്തോടെ റോക്ക്-വുഡ് എസ്റ്റേറ്റിനോട് ചേര്‍ന്ന വന്യ ജീവി സങ്കേതത്തില്‍ പെട്രോളിങ്ങിനെത്തിയ വനപാലക സംഘം താല്‍ക്കാലിക ഷെഡില്‍ പാചകം ചെയ്യന്നത് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ പാകം ചെയ്തിരുന്നത് മയില്‍ ഇറച്ചി ആണെന്ന് കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ എസ്റ്റേറ്റ് ഭാഗമായിട്ടുള്ള കെട്ടിടത്തില്‍ നിന്നും ആറു തോക്കുകള്‍ വനപാലക സംഘം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വന്യ ജീവി സങ്കേതത്തില്‍ അതിക്രമിച്ചു കടക്കുകയും മയിലിനെ വെടിവെച്ചു കൊലപ്പെടുത്തി ഇറച്ചിയാക്കുകയും ചെയ്തതായി കണ്ടെത്തുന്നത്.
മയിലിന്റെ അവശിഷ്ടങ്ങള്‍ അടക്കം കണ്ടെത്തിയ വനപാലകര്‍ പ്രതികളായ മൂന്നുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മൂന്നു നാടന്‍ തോക്കുകളും ലൈസന്‍സ് ലഭിച്ച രണ്ട് തോക്കുകളും ഒരു എയര്‍ പിസ്റ്റള്‍ ഇനത്തില്‍പെട്ട തോക്കുമാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്.
കൂടാതെ പാകം ചെയ്ത മയില്‍ ഇറച്ചിയും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ സെന്‍ ജയിംസ് നിലവിലെ തോട്ടം മാനേജര്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ നാട്ടില്‍ പോയ ഒഴിവില്‍ താല്‍ക്കാലിക മാനേജര്‍ ആയി ജോലി നോക്കി വരികയായിരുന്നു. തൊടുപുഴയിലെ പ്രമുഖ ഷൂട്ടര്‍ ആണ് പിടിയിലായ സിജോ ജോയ്.
ഇയാളുടെതാണ് പിടികൂടിയ ലക്ഷങ്ങള്‍ വിലവരുന്ന വിദേശ നിര്‍മ്മിത തോക്ക്. ഇവര്‍ വേട്ടക്കായി ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ മുമ്പ് വന്യമൃഗ വേട്ടകള്‍ നടത്തിയിട്ടുണ്ടോ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് തെന്മല വൈല്‍ഡ് ലൈഫ് അസി.
വാര്ഡന് ടിഎസ് സജു പറഞ്ഞു. വൈദ്യ പരിശോധനയും കൊവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റര്‍മാരായ എന്‍ പൂക്കുഞ്ഞ്, എസ് അനില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനോജ്, ജെയ്സി, വാച്ചര്‍ ലത്തീഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടുന്നത്.