കടപ്പന: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ടൗണില്‍ യുവാവ് കുത്തി പരുക്കേല്‍പ്പിച്ച യുവതിയുടെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍.
യുവതി അപകടനില തരണം ചെയ്തെങ്കിലും യുവതിയുടെ കണ്പുരികത്തിനേറ്റ കുത്ത് ആഴമുള്ളതായതിനാല്‍ ഒരു കണ്ണിന്റെ കാഴ്ചശക്തി തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതായാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
സംഭവത്തില്‍ അറസ്റ്റിലായ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് കോടതിയില്‍ ഹാജരാക്കി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്.
ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയാണ് അരുണ്‍ കുമാറിന്റെ ആക്രമണത്തിനിരയായത്. വിവാഹിതയായ യുവതിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ടൗണിലെ ബ്യൂട്ടി പാര്ലറെത്തിയ അരുണ്‍കുമാര്‍ യുവതിയോടെ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി.
ഇനി ശല്യം ചെയ്താല്‍ പോലീസിനെ അറിയിക്കുമെന്ന് ഇയാള്‍ പ്രതിയോട് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായി ഇയാള്‍ കൈയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ മുഖത്ത് കുത്തുകയായിരുന്നു.
നാല് വട്ടം യുവാവ് യുവതിയുടെ മുഖത്ത് ആഞ്ഞ് കുത്തി. ഇതില്‍ ഒരു കുത്ത് കണ്ണിനു സമീപത്താണ് തറച്ചത്. നിലവിളിച്ചോടിയ യുവതിയുടെ പിന്നാലെ യുവാവ് എത്തിയെങ്കിലും ടൗണില്‍ ആളുകൂടിയോടെ പ്രതി പിന്‍വാങ്ങി. ഇതിനിടെ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണിനു സമീപം കുത്തേറ്റതിനാലാണ് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാലങ്ങളായി ഇയാള്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.