കോഴിക്കോട്: രാജ്യത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നടപടി തുടങ്ങിയതോടെ മലപ്പുറത്തെ നിലമ്പൂരിലും മുന്നണികള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് കടന്നു. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികളില്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
നിലമ്പൂരിനെ പ്രതിനിധീകരിച്ചിരുന്ന ഇടതുസ്വതന്ത്രന് പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 13ന് നിയമസഭാംഗത്വം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മത്സരിച്ച ഷൗക്കത്ത് പി.വി. അന്‍വറിനോട് പരാജയപ്പെടുകയായിരുന്നു. അന്‍വറിനെ യുഡ്എഫിന്റെ ഭാഗമാക്കുന്നതില്‍ ശക്തമായി എതിര്ക്കുന്നയാളാ ണു ഷൗക്കത്ത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്.
സിപിഎമ്മിന്റെ യുവ നേതാവ് എം. സ്വരാജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് 2016-ല്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ കെ. ബാബുവിനെയാണ് അന്ന് തോല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ മത്സരിച്ചുവെങ്കിലും കെ. ബാബുവിനോടു തോറ്റു. സ്വരാജ് വന്നാല്‍ സീറ്റ് നിലനിര്‍ത്താമെന്നാണ് സിപിഎം കരുതുന്നത്. കുറച്ചുമാസങ്ങളായി അദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്.
സ്വതന്ത്ര സ്ഥാനാര്‍ഥിയെയും സിപിഎം പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളു. ബിജെപിയുടെ മഹിളാ നേതാവും കോഴിക്കോട് കോര്പറേഷന് കൗണ്‍സിലറുമായ നവ്യ ഹരിദാസിനെയാണ് എന്‍ഡിഎ പരിഗണിക്കുന്നത്. ഇടതുമുന്നണിയില്‍നിന്ന് ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കെപിസിസി ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് എ.പി. അനില്‍കുമാര്‍ എംഎല്‍എയോട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നിര്‍ദേശിച്ചിട്ടുണ്ട്. യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ഏകോപിപ്പിക്കും.
കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ മണ്ഡലം 2016-ല്‍ പി.വി. അന്‍വറിലൂടെയാണ് സിപിഎം പിടിച്ചെടുത്തത്. സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച അന്‍വര്‍ രണ്ടുതവണ നിയമസഭയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പം സൂക്ഷിച്ചിരുന്ന അന്‍വര്‍ അടുത്ത കാലത്ത് ആഭ്യന്തര വകുപ്പിനെതിരേ ആഞ്ഞടിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രിയുമായി അകന്നത്.
എഡിജിപി എം.ആര്. അജിത്കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഓഫീസര്മാക്കെതിരേ അനധികൃത സ്വത്ത് സമ്പാദിക്കല്‍, സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2016ല്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്വറിനുണ്ടായിരുന്നതെങ്കില് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ഏപ്രില്‍ ഒന്നിന് അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക പുതുക്കാനും മേയ് അഞ്ചിനു അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍