അങ്കാറ: സിറിയയിൽനിന്നു പലായനം ചെയ്ത് റഷ്യയിൽ അഭയം തേടിയ പ്രസിഡന്റ് ബഷാർ അൽ അസാദിൽനിന്നു ഭാര്യ അസ്മ വിവാഹമോചനം ആവശ്യപ്പെട്ടതായി തുർക്കി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അസാദിനും കുട്ടികൾക്കുമൊപ്പം റഷ്യയിലെത്തിയ അസ്മ റഷ്യൻ കോടതിയിലാണു ഹർജി നല്കിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള അസ്മ ബ്രിട്ടനിലേക്കു പോകാനുള്ള ശ്രമത്തിലാണത്രേ.
ഇതൊടൊപ്പം അസാദ് റഷ്യയിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. തടങ്കലിനു തുല്യമായ സാഹചര്യത്തിൽ മോസ്കോ വിടാനോ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അനുവാദമില്ല. അസാദിന്റെ 270 കിലോഗ്രാം സ്വർണവും 200 കോടി ഡോളറും മോസ്കോയിലെ 18 വസതികളും അടക്കമുള്ള സ്വത്തുക്കൾ റഷ്യ മരവിപ്പിക്കുകയും ചെയ്തു
വിവാഹമോചന ഹർജിയും അസാദ് തടവിലാണെന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ നിഷേധിച്ചു.
ഈ മാസം ആദ്യം എച്ച്ടിഎസ് വിമതർ സിറിയൻ ഭരണം പിടിച്ചെടുത്തപ്പോൾ അസാദിനെയും കുടുംബത്തെയും റഷ്യൻ സേന രക്ഷപ്പെടുത്തുകയായിരുന്നു. അസാദിന്റെ ഭാര്യ അസ്മ ബ്രിട്ടനിൽ ജനിച്ചുവളർന്ന സിറിയൻവംശജയാണ്. അതേസമയം, അസാദിന്റെ ക്രൂരതകൾക്ക് കൂട്ടുനിന്ന അസ്മയെ സ്വീകരിക്കാൻ ബ്രിട്ടനു താത്പര്യമില്ലെന്നും റിപ്പോർട്ടുണ്ട്.