ബംഗളൂരു നഗരത്തിലെ ഓട്ടോറിക്ഷകളെ കുറിച്ചുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വാഹനങ്ങൾക്ക് പിന്നിൽ പല വാചകങ്ങളോ മഹത്വചനങ്ങളോ ഒക്കെ നമ്മൾ എഴുതാറുണ്ട്. ചില വാചകങ്ങൾ കട്ട മോട്ടിവേഷനാകും തരുന്നതും.
ബംഗളൂരു നഗരത്തിലോടുന്ന ഒരു ഓട്ടോയുടെ പിന്നിൽ എഴുതിയ വാചകം റിഷിക ഗുപ്തയെന്ന യൂസർ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിരി പടർത്തിയത്. “സ്നേഹം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല,”എന്നാണ് ഓട്ടോയിൽ എഴുതിയിരിക്കുന്നത്.
“ശരി, ഞാൻ തിരയുന്ന പ്രചോദനം ഇതല്ല” എന്ന ക്യാപ്ഷനോടെയാണ് റിഷിക ഗുപ്ത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതോടെ പോസ്റ്റ് വേഗംതന്നെ വൈറലായി. ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാൾ തമാശയാണ് ആളുകളുടെ കമന്റുകൾ.
കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി ഉണ്ടെന്ന് പറയാതെ പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്റെ കമന്റ്. തേപ്പ് കിട്ടിയതാണോ ഇങ്ങനെ എഴുതാൻ കാരണമെന്നും മറ്റൊരു കൂട്ടർ. അങ്ങനെപോകുന്നു കമന്റുകൾ.