കേൾക്കുന്പോൾ തന്നെ ഉള്ളിലൂടെ ഒരു തരിപ്പ്. ഒരു അച്ഛനും അമ്മയും എങ്ങനെ ധൈര്യപ്പെട്ട് ഇതു ചെയ്യും? കർണാടകയിലും മഹാരാഷ്ട്രയിലും നടക്കുന്ന ഒരു ആചാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കർണാടകയിലെ ശ്രീ ശാന്തേശ്വർ ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ഷോലാപ്പൂർ നഗരത്തിലെ ബാബാ ഉമർ ദർഗയിലും നടക്കുന്ന ആചാരത്തെ പരിചയപ്പെടാം.
കണ്ടുനിൽക്കാനാകുമോ?
കർണാടകയിൽ 700 വർഷങ്ങളായി തുടർന്നു പോരുന്ന ആചാരമാണിത്. കുഞ്ഞുങ്ങളെ 30 അടി ഉയരത്തിൽനിന്നു താഴേക്കു എറിയുന്നതാണ് ആചാരം. കൈയും കാലും കൂട്ടിപ്പിടിച്ചാണ് താഴേക്ക് എറിയുന്നത്.
താഴെ വലിയൊരു ആൾക്കൂട്ടം കാത്തുനിൽപ്പുണ്ടാവും. ഇവർ വലിയ കിടക്ക വിരിപ്പ് ഉയർത്തിപ്പിടിച്ചുണ്ടാവും.
മുകളിൽനിന്നു താഴേക്ക് എറിയുന്ന കുഞ്ഞുങ്ങൾ ഈ വിരിപ്പിലേക്ക് ആയിരിക്കും വന്നുവീഴുക. ശരീരവും അവയവങ്ങളും വളർച്ച തുടങ്ങിയിട്ടേയുള്ള കുഞ്ഞുങ്ങളോടാണ് ആചാരത്തിന്റെ മറവിലുള്ള സാഹസികത.
ഇങ്ങനെ ചെയ്താൽ കുഞ്ഞിനും കുടുംബത്തിനും സന്പൂർണ അഭിവൃദ്ധി ഉണ്ടാവുമത്രേ. ഇങ്ങനെ താഴേക്കിടുന്ന ശിശുക്കളിൽ ഭൂരിഭാഗവും രണ്ടു വയസിനു താഴെയുള്ളവരാണ്.
നിലവിളിച്ചു താഴെ കിടക്ക വിരിപ്പിലെത്തിയ കുഞ്ഞിനെ വളരെ വേഗത്തിൽത്തന്നെ മാതാപിതാക്കളുടെ അടുത്തെത്തിക്കുന്നു.
കരഞ്ഞിട്ടു കാര്യമില്ല
ഇങ്ങനെ എറിയപ്പെടുന്പോൾ കുഞ്ഞു വലിയ വായിൽ കിടന്ന് കരയും. പക്ഷേ, ആരും മൈൻഡ് ചെയ്യാറില്ല. കാരണം ഇതെല്ലാം നടക്കുന്നത് ആ കുഞ്ഞിന്റെ കൂടി ഭാഗ്യം നിറഞ്ഞ ജീവിതത്തിനു വേണ്ടിയാണല്ലോ.
അതേസമയം, ഈ ചടങ്ങിനെതിരേ ആരോഗ്യവിദഗ്ധരുടെ രൂക്ഷവിമർശനങ്ങളും ശക്തമാണ്. ഈ ചടങ്ങിൽ പങ്കെടുപ്പിക്കുക വഴി കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളർച്ചയെ അതു ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.
30 അടി ഉയരത്തിൽനിന്നു വലിച്ചെറിയുന്ന കുഞ്ഞിന്റെ മാനസിക നിലയിൽ കാര്യമായ ദോഷം ഇതുണ്ടാക്കുമെന്നാണ് അഭിപ്രായം.
അതേസമയം, ഈ ആചാരം മൂലം ഇതവരെ യാതൊരുവിധ അപകടമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലായെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.
അന്പതടി ഉയരം
ബാബാ ഉമർ ദർഗയിൽ 50 അടി ഉയരത്തിൽനിന്നാണത്രേ പിഞ്ചു കുഞ്ഞുങ്ങളെ എറിയുന്നത്. എന്തായാലും കുട്ടികളുടെ മാതാപിതാക്കളും മുതിർന്നവരും ഈ ആചാരത്തെ മുറുകെ പിടിക്കുകയാണ്.
2009ൽ ബാബാ ഉമർ ദർഗയിൽ നടന്ന ഈ ആചാരത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. കുഞ്ഞിനെ എറിയുന്നത് നിർത്താൻ ഉത്തരവിട്ടു.
“ഈ അന്ധവിശ്വാസത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല, ഇതു കുട്ടികളുടെ വളർച്ചയ്ക്കും അവകാശങ്ങൾക്കും വിരുദ്ധമാണ്. അവർ ശരിക്കും ഭയപ്പെട്ടേക്കാം, അത് അവരുടെ മനസിനെ ഈ പ്രവൃത്തി എങ്ങനെ ബാധിക്കുമെന്ന് ആർക്കും അറിയില്ല. ”-കമ്മീഷൻ പറഞ്ഞു.
2010 മുതൽ കുഞ്ഞുങ്ങളെ എറിഞ്ഞതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രാദേശിക പോലീസ് അധികൃതർ പറയുന്നത്. എന്നിരുന്നാലും, ചില ഗ്രാമങ്ങളിൽ, ഈ ആചാരം ഇപ്പോഴും ചെറിയ തോതിൽ രഹസ്യമായി തുടരുകയാണെന്നു റിപ്പോർട്ടുകളുണ്ട്.
ഈ ആചാരം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.