തൊടുപുഴ: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അമ്മ ഉൾപ്പെടെ രണ്ടു പേർകൂടി അറസ്റ്റിൽ.
അമ്മയുടെ അറിവോടെയാണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നാൽപ്പത്തിരണ്ടുരിയായ ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം രോഗാവസ്ഥയിലായതിനാൽ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പുറമെ ഒളമറ്റം വെള്ളാംതടത്തിൽ പ്രിയേഷ് എന്നു വിളിക്കുന്ന മാത്യു ജോണാ(39)ണു തൊടുപുഴ സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇയാൾ ഒന്നിലേറെ തവണ കുട്ടിയെ സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി തൊടുപുഴ, ഒളമറ്റം എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതോടെ അമ്മയുൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
എട്ട് പ്രതികളെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളായ മാത്യു ഒളിവിലായിരുന്നു. പോലീസ് തെരഞ്ഞുകൊണ്ടിരിക്കെ ഇന്നലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോലീസ് എടുത്തിട്ടുണ്ട്. മൊഴിപ്രകാരം കൂടുതൽ പേർക്കു പീഡനത്തിൽ പങ്കുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്താണു പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു ക്രൂരപീഡനത്തിന് ഇരയാക്കിയത്.