മിസൗറി: ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു.
വ്യാഴാഴ്ച വീട്ടിൽ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറിൽ പുറത്തു പോകുന്പോൾ പിതാവ് ഡേരൽ പീക്കിന്റെ (40) കൈവശം റിവോൾവറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
വെള്ളിയാഴ്ചയും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു പോലീസിൽ വിവരം അറിയിച്ചത്. മൂന്നും നാലും വയസുള്ള കുട്ടികളാണു മരിച്ചത്.
വീട്ടിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിസൗറി സ്റ്റേറ്റ് ഹൈവേ പോലീസ് കണ്ടിരുന്നു.
റോഡിൽ പാർക്കു ചെയ്തിരുന്ന വാഹനത്തെ സമീപിച്ചു സഹായം ആവശ്യമുണ്ടോ എന്നു പോലീസ് തിരക്കി.
പിന്നീട് കുറച്ചു സമയം കഴിഞ്ഞു അതുവഴി കടന്നു പോയ ബെന്റൻ കൗണ്ടി ഷെറിഫ് ഓഫിസിലെ ഒരു ഡപ്യൂട്ടി, ഡേരലും രണ്ടു കുട്ടികളും റോഡിലൂടെ നടന്നുപോകുന്നതായി കണ്ടു.
കാർ തിരിച്ചു വരുന്നതിനിടയിൽ പിതാവും കുട്ടികളും അവിടെ നിന്നു കാട്ടിനുള്ളിലേക്കു മറഞ്ഞു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
മൂന്നു പേരേയും കാണാതായ വിവരം സംസ്ഥാനത്തെ മുഴുവൻ പോലീസ് കേന്ദ്രങ്ങളിലും അറിയിപ്പ് നൽകിയിരുന്നു. ചില സാങ്കേതിക തടസം മൂലം ആംബർ അലർട്ട് പ്രഖ്യാപിക്കാനായില്ല.
ഡേരലിനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും എന്നാൽ കുട്ടികളെ അപായപ്പെടുത്തുമെന്നു കരുതിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ഇവരുടെ മൃതദേഹങ്ങൾ, ആദ്യം ഇവരെ കണ്ടെത്തിയ സ്ഥലത്തുനിന്നും അതിവിദൂരമല്ലാത്ത വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തു നിന്നാണു കണ്ടെത്തിയത്.
മരണകാരണം എന്തെന്നു വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ