തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ചു പിതാവ് ഉണ്ണി. കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്നത് ക്രൈം ബ്രാഞ്ചും സിബിഐയും ആണെന്ന് അദ്ദേഹം ആരോപിച്ചു.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കഴിഞ്ഞ ദിവസം കള്ളക്കടത്തു കേസിൽ പിടിലായത് സത്യം പുറത്ത് വരാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാലഭാസ്കറിനന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആ ദിശയിൽ ഉണ്ടായില്ല.
അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും ഉണ്ണി ആരോപിച്ചു.മകന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നീതി ലഭിച്ചില്ലെന്നും സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
ഡ്രൈവർ അർജുൻ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. സത്യം തെളിയിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉണ്ണി പറഞ്ഞു.
പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന കേസിലാണ് കഴിഞ്ഞ ദിവസം അർജുൻ അറസ്റ്റിലായത്. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കർ കാറപകടത്തിൽ പെടുന്നത്. ചികിത്സയിലിരിക്കെ 2018 ഒക്ടോബർ 2ന് മരിച്ചു.