കടുത്തുരുത്തി: കഥകളുടെ സുല്‍ത്താന്റെ നാട്ടിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന ഭായി ഇനി വല്ലകം ജീവനിലയത്തിന്റെ സംരക്ഷണയില്‍. 35 വര്‍ഷം മുന്‍പ് തലയോലപറമ്പില്‍ എത്തിയ ഭായി എന്നു വിളിക്കുന്ന രാജസ്ഥാന് സ്വദേശിയായ ബാല്‍കിഷന്‍ സിംഗിനെ ഒരുകൂട്ടം നന്മ മനസുകള്‍ ചേര്‍ന്ന് വല്ലകം തുറുവേലിക്കുന്ന് ജീവനിലയത്തില്‍ എത്തിച്ചത്.
മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡന്റ് ഫിറോസ്് മാവുങ്കല്‍, കാര്‍ലീന്‍ സ്റ്റുഡിയോ ഉടമ ചാര്‍ളി ജോസഫ്, തലയോലപ്പറമ്പ് എസ്എച്ച്ഒ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ജീവനിലയത്തില്‍ എത്തിച്ചത്. ജീവനിലയം സെക്രട്ടറി ജേക്കബ് പുതവേലില്‍ ഭായിയെ പൂക്കള്‍ നല്കി സ്വീകരിച്ചു.
ബാല്‍കിഷന്‍ സിംഗ് തലയോലപറമ്പില്‍ എത്തിയ കാലത്ത് കേസ് അന്വേഷിക്കാന്‍ വന്ന സിഐഡി ആണെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. പ്രേംനസീര്‍ സിഐഡി വേഷത്തില്‍ കേസുകള്‍ തെളിയിച്ചു വെള്ളിത്തിരയില്‍ കൈയ്യടി നേടിയിരുന്ന കാലമായിരുന്നു അത്. മുമ്പ് ഏതോ സിഐഡി തലയോലപറമ്പില്‍ ഭ്രാന്തന്റെ വേഷത്തില്‍ എത്തി കള്ളനോട്ട് കേസ് തെളിയിച്ചിരുന്നു. ഇതാണ് ഭായി സിഐഡി ആണെന്നു ജനത്തിനു സംശയം ഉണ്ടായത്.
സിഐഡി ആണെന്നു കരുതി പലരും ഭായിയെ കാണുമ്പോള്‍ അക്കാലത്ത് ഉറക്കെ സംസാരിക്കാന്‍ പോലും ഭയപ്പെട്ടിരുന്നു. യാതൊരു ദുശീലവും ഇല്ലാത്തയാളാണ് ബാല്‍കിഷന്‍. പുലര്‍ച്ചെ മൂവാറ്റുപുഴയാറില്‍ കുളിച്ചു വൃത്തിയായ ശേഷം മുഷിഞ്ഞ വേഷം ധരിച്ചു നീണ്ട താടി വളര്‍ത്തി തലയില്‍ കെട്ടും കൈയ്യില്‍ ഒരു വടിയുമായാണ് ഭായിയുടെ സഞ്ചാരം.
വെള്ളൂര്‍, ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, വൈക്കം നഗരസഭ എന്നീ പ്രദേശങ്ങലളിലെല്ലാം ഭായിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇഷ്ടമുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഭായിയുടെ പടം തലയോലപ്പറമ്പിലെ ഒരു സ്റ്റുഡിയോയുടെ പരസ്യ ചിത്രം ആക്കിയതോടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ആറ് വര്‍ഷം മുമ്പ് മുളന്തുരുത്തി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പഴ്സ് കിട്ടിയെങ്കിലും ഭായി അടുത്തുള്ള കടയില്‍ ഏല്പിച്ചു ഉടമയെ കണ്ടെത്തി മടക്കി നല്കി. ഉടമ പാരിതോഷികം നല്‍കിയെങ്കിലും അത് വാങ്ങാതെ ഭായി നാട്ടുകാരുടെയിടെയില് സമ്മതനായി.
തലയോലപ്പറമ്പ് നിവാസികളുടെ കുടുംബാംഗമായി മാറിയ ഭായിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങളായ സജിമോന്‍ വര്‍ഗീസ്, എ.എം. അനി എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രോഗം ഭേദമായ ഭായി കൊച്ചി ഐലന്‍ഡില്‍ കൂടി നടക്കുന്നതായി അറിഞ്ഞ് പൊതു പ്രവര്‍ത്തകനായ ഫിറോസ് മാവുങ്കലിന്റെ നേതൃത്വത്തില്‍ വീണ്ടെടുത്ത് തലയോലപ്പറമ്പില്‍ എത്തിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ഭായിക്കു തെരുവ് സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജീവനിലയത്തിന്റെ സംരക്ഷണയിലേക്കു ഭായിയെ എത്തിച്ചത്.