ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ സ്കൂൾ ഫീസ് 2.1 ലക്ഷം രൂപ! ഇതിൽ 1.9 ലക്ഷം രൂപ ട്യൂഷൻ ഫീസാണ്. വാർഷിക ഫീസ് 9,000 രൂപ. ഇവയ്ക്കു പുറമെ 11,449 രൂപ മുൻകൂറായും വാങ്ങുന്നു.
വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവച്ചത്. ഫീസ് വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അമിതഫീസിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂള്‍ മാനേജ്മെന്റുകൾ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ പ്രതികരിക്കണമെന്നും വോയ്സ് ഓഫ് പേരൻസ് ഭാരവാഹികൾ പറഞ്ഞു.
സർക്കാർ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. ഫീസ് നിർണയ സമിതികളെ നിയമിക്കണം. വിദ്യാഭ്യാസ മേഖലയില്‍ സുതാര്യവും ഫലപ്രദവുമായ മേല്‍നോട്ടത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.