പതിനാലാം സീസണ് ഐപിഎൽ ട്വന്റി-20യുടെ കടയ്ക്കൽ കത്തിവച്ചത് ക്രിക്കറ്റ് അസോസിയേഷൻ മുതിർന്ന ഭാരവാഹികൾതന്നെ. ടൂർണമെന്റ് പാതിവഴി പിന്നിട്ടപ്പോൾ നാല് ടീമുകൾക്കുള്ളിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെയാണു താത്കാലികമായി ഐപിഎൽ 2021 സീസണ് റദ്ദാക്കിയത്.
ടീമുകൾക്കുള്ള ബയോ സെക്യൂർ ബബിൾ പൊട്ടിയതാണു കോവിഡ് ആക്രമണം ഉണ്ടാകാനിടയായത്. ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ മുതിർന്ന ഭാരവാഹിയാണു ബബിൾ പൊട്ടിക്കാൻ കാരണക്കാരനെന്നാണു പുറത്തുവരുന്ന വാർത്തകൾ.
ടൂർണമെന്റിന്റെ രണ്ടാം ഷെഡ്യൂളിൽ വേദിയായ ഡൽഹിയിൽ ടീമുകൾ എത്തുന്പോൾ പരിശീലനത്തിനായി പ്രദേശിക ക്ലബ്ബിന്റെ ഗ്രൗണ്ട് ഡൽഹി ക്രിക്കറ്റ് ഭാരവാഹി ബുക്ക് ചെയ്തു. ബയോ സെക്യൂർ ബബിൾ പരിധിക്കു പുറത്തായിരുന്നു ഇത്.
മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് ഇവിടെ പരിശീലനം നടത്തിയത്. ടീമുകൾ അവർക്കുള്ള ഭക്ഷണവും പാനീയങ്ങളും അനുബന്ധ സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.
എന്നാൽ, പ്രാദേശിക ക്ലബ്ബിന്റെ സ്റ്റാഫുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിശീലന സെഷൻ കാണാൻ അനുമതി നൽകി. അവരിൽ ചിലർ താരങ്ങൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.
ബയോ സെക്യൂർ ബബിൾ തകർത്ത ഗുരുതര വീഴ്ചയായിരുന്നു അത്. സിഎസ്കെ, സണ്‍റൈസേഴ്സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളിലാണു കോവിഡ് ആക്രമണമുണ്ടായത്.