രാത്രിയുടെ ഇരുട്ടിന്റെ മറ പറ്റി പല കള്ളൻമാരും മോഷണത്തിനായി പല ഇടങ്ങളിലും കയറാറുണ്ട്. പിടിക്കപ്പെട്ടാൽ അവന് ആകാവുന്ന അടവുകളെല്ലാം പയറ്റി രക്ഷപെടാൻ നോക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ പിടിക്കപ്പെടുമെന്നാകുന്പോൾ അത്യുഗ്രൻ അടവ് എടുത്ത കള്ളനാണ് സോഷ്യൽ മീഡിയയിൽ താരം.
കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഒരു കള്ളൻ കയറി. എന്നാൽ അവനെ വളഞ്ഞിട്ട് എല്ലാവരും കൂടി പിടിച്ചു. രക്ഷപെടാൻ പല വഴികളും നോക്കിയെങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല. പെട്ടെന്നാണ് കള്ളൻ ഇന്ന് തന്റെ പിറന്നാളാണ്, അതോർത്തെങ്കിലും ഒന്നു വെറുതേ വിടൂ എന്ന് കെഞ്ചിപ്പറഞ്ഞത്. അവന്റെ കരച്ചിൽ തീരും മുൻപേ സൊസൈറ്റിയിലുള്ളവർ അതാ കേക്കുമായി എത്തി.
ഹാപ്പി ബെർത്ത്ഡേ ചോർ എന്നാണ് കേക്കിൽ എഴുതിയത്. കള്ളനെകൊണ്ടു കേക്ക് മുറിച്ചു ശേഷം അതിൽ ഒരു പീസ് അവന്റെ വായിലും വച്ചുകൊടുത്തു. കേക്ക് കഴിച്ചു തീരും മുൻപേ കള്ളനുള്ള മറ്റൊരു സർപ്രൈസും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.
ആഘോഷങ്ങൾക്കിടെ സൊസൈറ്റിയിലുള്ളവർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു. പോലീസ് എത്തി പിറന്നാളാഘോഷത്തിനു ശേഷം കള്ളനെ കൊണ്ടുപോയി.