ബിജു ഇത്തിത്തറ
കടുത്തുരുത്തി: അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുതിരയെ വാങ്ങി യാത്ര കുതിരപ്പുറത്താക്കിയ വിദേശ മലയാളിയും കുടുംബവും നാട്ടുകാര്‍ക്ക് കൗതുക കാഴ്ച്ചയായി.
ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന പാഴുത്തുരുത്ത് കുന്നശ്ശേരി ബോബന് ജോണും കുടുംബവുമാണ് നാട്ടിലെത്തിയപ്പോള്‍ കൗതുകത്തിനായി കുതിരയെ വാങ്ങിയത്.
ഇവിടുത്തെ ഇന്ധനവില വച്ചു കണക്ക് കൂട്ടുമ്പോള്‍ കുതിര സവാരി തന്നെയാണ് ലാഭമെന്ന് ബോബന് പറയുന്നു. നാട്ടിലെത്തുമ്പോള്‍ ഇവിടുത്തെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കുതിരപുറത്ത് പോയാലോയെന്ന ചിന്ത ബോബനുണ്ടായിരുന്നു.
തന്റെ ആഗ്രഹം കുടുംബാംഗങ്ങളോട് പങ്ക് വച്ചപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. അതോടെയാണ് നാട്ടിലുള്ള സമയത്ത് ഇവിടുത്തെ യാത്രകള്‍ക്കും മറ്റുമായി കുതിരയെ വാങ്ങിയത്.
ബ്യൂട്ടി
ഏറ്റുമാനൂരില്‍ നിന്നാണ് ഏഴ് വയസോളം പ്രായമുള്ള കുതിരയെ വാങ്ങി വീട്ടിലെത്തിക്കുന്നത്. വീടിന് സമീപം തന്നെ കുതിരയ്ക്കു കൂടും തയാറാക്കി. ബ്യൂട്ടിയെന്ന് പേരും കുതിരയ്ക്കു നല്കി.
കുതിരയെ വാങ്ങിയ വീട്ടുകാരുടെ നിര്‍ദേശമനുസരിച്ചു തൊടുപുഴ സ്വദേശിയായ ജാസിനെ പരിശീലകനായി ഒപ്പം കൂട്ടി.
ഓഗസ്റ്റ് അവസാനത്തോടെ മടങ്ങി പോകും വരെ താന്‍തന്നെ കുതിരയെ പരിപാലിക്കുമെന്നും തുടര്‍ന്ന് ബന്ധുവിന് ബ്യൂട്ടിയെ കൈമാറുമെന്നും ബോബന് പറയുന്നു.
ഭാര്യ ബിന്നി, മക്കളായ 11-ാം ക്ലാസ്സ് വിദ്യാര്‍ഥി അന്നാലിസ, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി സിന്‍ഡ്രില്ല, അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ഗബ്രിയേല്‍ എന്നിവര്‍ക്കൊപ്പമാണ് ബോബന് നാട്ടിന്‍പുറത്ത് കുതിരയ്ക്കൊപ്പം സവാരി നടത്തുന്നത്.
ആരെങ്കിലും ഒരാള്‍ കുതിരപുറത്ത് യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ഒപ്പം നടക്കും. ഇങ്ങനെയായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ കുട്ടികള്‍ തനിച്ചു കുതിര സവാരി നടത്തുമെന്നാണ് ബോബന് പറയുന്നത്.
ഗബ്രിയേലാണ് ഏറേസമയവും കുതിരസവാരിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. നാല് വര്‍ഷം മുമ്പാണ് ഇവിടെ പഠിച്ചിരുന്ന കുട്ടികളെ കൂടി ബോബനും ബിന്നിയും വിദേശത്തേക്കു കൊണ്ട് പോകുന്നത്. പിന്നീടിപ്പോഴാണ് ഇവര്‍ നാട്ടിലെത്തുന്നത്.
ഭയം മാറി
കുതിരപുറത്ത് കയറി, നാട്ടിന്‍പുറത്തെ കാഴ്ച്ചകള്‍ കണ്ടുള്ള യാത്ര എത്ര പോയാലും മതിയാവില്ലെന്നാണ് ഇവര്‍ പറയുന്നത്. കുതിരപുറത്ത് കാഴ്ച്ച കണ്ട് നടക്കുന്ന കുട്ടികള്‍ ഇപ്പോള്‍ ഇവിടുത്തുകാര്‍ക്കും കൗതുക കാഴ്ച്ചയാണ്.
ഭര്‍ത്താവും മക്കളും കുതിരപുറത്ത് കയറിയെങ്കിലും ആദ്യമൊക്കെ കുതിരപുറത്ത് കയറാന്‍ ബിന്നിക്കു ഭയമായിരുന്നു. വീട്ടുകാരുമായി കുതിര സൗഹൃദത്തിലായതോടെ ഇപ്പോള്‍ ബിന്നിയുടെ ഭയവും മാറി.
കുതിരസവാരി ശരിക്കും ആസ്വദിക്കുകയാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. മുതിര, പുല്ല്, ഓഡ്സ്, ബാര്‍ലി എന്നിവയെല്ലാമാണ് ബ്യൂട്ടിയുടെ പ്രിയപെട്ട ഭക്ഷണം.