ചാലക്കുടി: മദ്യക്കുപ്പി പൊട്ടിക്കുന്നിടത്തു ആളുകൂടുക സ്വാഭാവികം. വെറുതെയിരിക്കട്ടെ എന്നുപറഞ്ഞ് വേസ്റ്റ് ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്നതും സ്വാഭാവികം.
പക്ഷേ, എക്സൈസുകാർ കുപ്പി പൊട്ടിച്ചാലോ.. അതും ഒന്നല്ല, ഒരു ചാക്കുകെട്ടു നിറയെ ഫുള്ളും ഹാഫുമൊക്കെ പൊട്ടിച്ചുകളഞ്ഞാലോ. ഒരു നാട്ടുകാരെ മുഴുവൻ സങ്കടത്തിലാക്കിയിരിക്കുകയാണ് എക്സൈസിന്റെ ഈ കുപ്പി പൊട്ടിക്കൽ..!
ചാലക്കുടിയിൽ കെഎസ്ആർടിസി റോഡിലുള്ള ബാറിൽ കാലാവധിതീർന്ന മദ്യക്കുപ്പികൾ കണ്ടെടുത്തു നശിപ്പിക്കുകയായിരുന്നു എക്സൈസുകാർ.
ഞെട്ടേണ്ട… 2014ൽ കാലാവധി കഴിഞ്ഞ മദ്യമാണ് എക്സൈസുകാർ നശിപ്പിച്ചത്. ബാറിനോടു ചേർന്ന സ്ഥലത്തു കുഴിയുണ്ടാക്കി കുപ്പികൾ പൊട്ടിച്ചു മദ്യം നശിപ്പിക്കുകയായിരുന്നു.
മദ്യം ഒഴുക്കിയ കുഴി പരിസരവാസികളുടെ കിണറിനടുത്താണ്. ഇതുമൂലം കിണറിലെ വെള്ളം മലിനമാകുമെന്നാണ് പരിസരവാസികളുടെ ആശങ്ക.
പരിസരമാകെ ഒഴുക്കിക്കളഞ്ഞ മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും നാട്ടുകാർ പറയുന്നു.
നഗരസഭാ അധികൃതർക്കും പോലീസിനും പരിസരവാസികൾ പരാതി നൽകിയിട്ടുണ്ട്.