
ജോണ്സണ് വേങ്ങത്തടം
കൊച്ചി: കോവിഡ് വന്നതോടെ കേരളത്തെ ഗൾഫായി കണ്ട അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതോടെ പണിയെടുക്കാൻ ആളില്ലാതെ വിഷമിക്കുകയാണ് കേരളം. ലോക്ക്ഡൗണിനെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെയാണു സംസ്ഥാനത്തെ കാർഷിക, വ്യാവസായിക, നിർമാണ മേഖലകൾ സ്തംഭനത്തിലായത്.
നിർമാണ പ്രവർത്തനങ്ങൾക്കു ജോലിക്കാരെ തേടി കരാറുകാരും ഉടമകളും പരക്കം പായുകയാണ്. റോഡ്, പാലം തുടങ്ങിയ സർക്കാർ പണികളും പാതിവഴിയിലാണ്. കാർഷികമേഖലയിൽ പോലും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണ്.
ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ നേരത്തേ നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതാണു തിരിച്ചടിയായത്.
പരമാവധി 100 തൊഴിലാളികളെ മാത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം ബിൽഡർമാർ മുതൽ വൻകിടക്കാർക്കു വരെ തൊഴിലാളിക്ഷാമം പ്രഹരമായിരിക്കുന്നു. ബംഗാൾ, ബിഹാർ, അസം, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം അതിഥി തൊഴിലാളികളും തിരിച്ചു പോയി കഴിഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ, നെൽകൃഷി നടീൽ, കൊയ്ത്ത്, തോട്ടം കൃഷികൾ, ഹോട്ടൽ ജോലി തുടങ്ങി സർവ മേഖലകളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. മലയാളികളെ അപേക്ഷിച്ച് കുറഞ്ഞ കൂലി, കഠിനാധ്വാനത്തിനുള്ള സന്നദ്ധത തുടങ്ങിയ കാരണങ്ങളാൽ കരാറുകാർ നാടൻ തൊഴിലാളികളേക്കാൾ അതിഥി തൊഴിലാളികളെയാണ് ആശ്രയിക്കാറുള്ളത്.
സർക്കാറിന്റെ കണക്കു പ്രകാരം പത്തു ലക്ഷത്തോളം അതിഥിതൊഴിലാളിളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഇവരിൽ ഏതാണ്ട് ഭൂരിപക്ഷം പേർ ജന്മടുകളിലേക്കു തിരിച്ചുപോയി. ട്രെയിനിലും ബസിലുമായിട്ടാണ് ഇവരെ യാത്രയാക്കിയത്.
സംസ്ഥാനത്ത് അവശേഷിക്കുന്ന അതിഥി തൊഴിലാളികളിൽ ഗണ്യഭാഗവും മടങ്ങാൻ ആഗ്രഹിച്ച് യാത്രാ സൗകര്യവും കാത്തുകഴിയുകയാണ്. പൊതുമേഖലയിലെ വികസന പ്രവർത്തനങ്ങളടക്കമുള്ള നിർമാണ മേഖലയെയാണ് ഇവരുടെ തിരിച്ചുപോക്ക് കൂടുതൽ പ്രയാസത്തിലാക്കിയത്.
കൊറോണ നിയന്ത്രിതമാകുന്നതോടെ തിരിച്ചു വരാമെന്ന ഉദ്ദേശ്യത്തോടെയാണ് അതിഥി തൊഴിലാളികൾ തിരിച്ചുപോയതെങ്കിലും ഒരു വർഷമെങ്കിലും കഴിയാതെ അവരിൽ ഏറെയും മടങ്ങി വരാൻ സാധ്യതയില്ല. നിലവിൽ ഉത്തരേന്ത്യയിൽ കൃഷിക്കാലമായതിനാൽ നാട്ടിൽ നിന്നാലും അവർക്കു പണിലഭിക്കാൻ സാധ്യതയുണ്ട്.
ദീർഘകാലം തൊഴിലാളി ദൗർലഭ്യം അനുഭവിക്കേണ്ടി വന്നാൽ സംസ്ഥാനത്തിന്റെ സന്പദ് ഘടനയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്തർ സംസ്ഥാന തൊഴിലാളികൾക്കു പകരം കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതും കേരളം നേരിടുന്ന തിരിച്ചടിയാണ്.