പയ്യന്നൂര്‍: പയ്യന്നൂരിലും രാമന്തളിയിലും അതിഥി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ കരാറുകാരനും സംഭവം സാമൂഹ്യ മാധ്യ മങ്ങൾ വഴി പ്രചാരണം നടത്തിയവർക്കെതിരെ കേസ്.
ഇന്നലെ രാവിലെയാണ് സംഘടിതമായി എത്തിയ തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രാമന്തളിയിലും പയ്യന്നൂരിലും തെരുവിലിറങ്ങി പ്രതിഷേധിച്ചത്. രാമന്തളിയില്‍ ലോക്ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് മുപ്പതോളം തമിഴ്നാട് സ്വദേശികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
നാവിക അക്കാദമിയില്‍ കേബിളിന്റെ കരാര്‍ ജോലിക്കായെത്തിയ ഇവര്‍ രാമന്തളിയില്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്നും ചെയ്ത ജോലിയുടെ കൂലി ലഭിച്ചില്ലെന്നുമായിരുന്നു തൊഴിലാളികളുടെ ആരോപണം.
നാട്ടിലേക്ക് തിരികെ പോകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഭക്ഷണത്തിനുള്ള പണം താന്‍ നല്‍കുന്നുണ്ടെന്നും പഞ്ചായത്ത് അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടതില്ല എന്ന് കോണ്ട്രാക്ടര് പറഞ്ഞിരുന്നതായും എന്നിട്ടും അരി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ പഞ്ചായത്ത് നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഈ തൊഴിലാളികളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്ട്രാക്ടര് ഒഴിഞ്ഞു മാറുകയാണെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കേണ്ടത് കോണ്‍ട്രാക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുത മറച്ചുവെച്ച് സര്‍ക്കാരിനെതിരേയും പഞ്ചായത്തിനെതിരേയും കരാറുകാരന് തൊഴിലാളികളെക്കൊണ്ട് ആരോപണമുന്നയിക്കുകയായിരുന്നുവെന്നും ഈ സംഭവത്തില്‍ നവമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരണം നടത്തിയവര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയിലാണ് കരാറുകാരനും സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നല്‍കിയവര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ തായിനേരിയിലും പരിസരങ്ങളിലുമായി താമസിക്കുന്ന നൂറിലേറെവരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പ്രതിഷേധവുമായി ബികെഎം ജംഗ്ഷനിലെത്തിയത്.
ഉത്തരേന്ത്യന്‍ തൊഴിലാളികളായ നൂറോളം പേര് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീനും ചേര്‍ന്ന് പയ്യന്നൂര്‍ ബികെഎം ജംഗ്ഷനില്‍നിന്നും ഇവരെ പിന്തിരിപ്പിച്ച് താമസ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോകാനുള്ള വഴിയൊരുങ്ങൂവെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.