ചാലക്കുടി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ – മുസ്ലിം ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി പ്രധാനമന്ത്രിക്കു കത്തെഴുതി. ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത ആക്രമണങ്ങളാണു നടക്കുന്നത്.
17നു മത പാർലമെന്റ് എന്ന പേരിൽ ഹരിദ്വാറിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയ പരിപാടിയിൽ മുസ്ലിംകൾക്കെതിരായ അക്രമത്തിനു പരസ്യമായി ആഹ്വാനമുയർത്തിയതു ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോർച്ച നേതാവ് ഉദിത ത്യാഗിയുമാണ്.
ഇത്തരത്തിലുള്ള രണ്ടു പരിപാടികൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന 76 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കു കത്തയച്ച സ്ഥിതിവരെയുണ്ടായി.ക്രിസ്മസ് ദിനത്തിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ സന്താക്ലോസ് വേഷധാരിയെ രാഷ്ട്രീയ ബജറംഗ് ദൽ പ്രവർത്തകർ കെെയേറ്റം ചെയ്തു.
വാരണാസിയിലെ ചന്ദ്മാരി ജില്ലയിൽ ക്രിസ്മസ് പരിപാടി നടക്കാൻ പോകുന്നിടത്ത് ഒരു കൂട്ടം ആളുകൾ കാവിക്കൊടിയുമായെത്തി ജയ്ശ്രീറാം വിളികളോടെ തന്പടിച്ചു.ഹരിയാനയിലെ അംബാലയിലെ കന്റോമെന്റ് ഏരിയയിലെ റെഡീമർ പള്ളിയിൽ നടന്ന ആക്രമണത്തിൽ അക്രമികൾ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തു.
അസമിലെ സിൽച്ചാറിലും കർണാടകയിലെ മാണ്ഡ്യയിലും സമാനമായ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. ഇതിനെതിരെ മുഖം തിരിക്കുകയാണ് സർക്കാർ ചെയ്തത്.ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സമീപനത്തിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്നും ആൾക്കൂട്ട ആക്രമണങ്ങളിൽ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.