കളമശേരി: ഹർത്താൽ ദിനത്തിൽ തുറക്കാത്ത 38 ബിവറേജ് ഔട്ട് ലെറ്റുകളിലെ ജീവനക്കാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ വീതം ഈടാക്കാനുള്ള ബിവറേജ് കോർപറേഷന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്പനശാലകളിലെ ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്. 2018 ഒക്ടോബർ 18ന് ശബരിമല വിഷയത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തെ 38 ഓളം വില്പനശാലകൾ തുറന്നില്ല.
ആദ്യം 24 മണിക്കൂറും പിന്നീട് 6 മണിക്കൂറുമായി ചുരുക്കിയ ഹർത്താലിൽ സംസ്ഥാനത്ത് പ്രശ്നബാധിത സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകളാണ് വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം ജില്ല 6, കോട്ടയം 13, പാലക്കാട് 9, തൃശൂർ 8 എന്നിങ്ങനെയാണ് കൗണ്ടറുകൾ അടഞ്ഞ് കിടന്നത്.
പോലീസിന്റെ നിർദേശപ്രകാരവും പ്രാദേശിക എതിർപ്പും മുൻനിർത്തിയാണ് ബിവറേജ് കേന്ദ്രങ്ങൾ അന്നു ജീവനക്കാർ അടച്ചിട്ടത്. എന്നാൽ ബിവറേജ് കോർപറേഷന് വരുമാനനഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതൽ ഒൻപതുവരെ വിൽക്കാൻ സാധ്യതയുള്ള മദ്യ കുപ്പികളുടെ തുക നൽകണമെന്നുമായിരുന്നു സർക്കുലർ.
കോട്ടയം തലപ്പാറ ജീവനക്കാർ 1,87,000 രൂപ അടയ്ക്കണമെന്നാണ് കഴിഞ്ഞ മാസം 29 ന് നിർദേശം ലഭിച്ചത്. ചിങ്ങവനത്ത് 2,30,000 രൂപയാണ് 15 ദിവസത്തിനകം അടയ്ക്കാൻ ബിവറേജ് കോർപറേഷൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവർക്കാണ് അനുകൂല തീരുമാനം ലഭിച്ചത്.കേസ് ഇനി 30ന് വീണ്ടും പരിഗണിക്കും.