കഴിഞ്ഞകുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗത്തിനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. പൂർണമായി ബ്ലാക്ക് അൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ്.
ചിത്രത്തിന്റെ നിർമാണ ചെലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സർക്കാസം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ട് അധികം പണം മുടക്കേണ്ടി വന്നിട്ടില്ലെന്നും, കോസ്റ്റ്യൂം വിഭാഗത്തിൽ 12 വെള്ള മുണ്ടുകൾ വാങ്ങാനുള്ള പണം മാത്രമേ ആയിട്ടുള്ളു എന്നൊക്കെയാണ് പുറത്തുവന്ന ട്രോളുകൾ.
2.5 കോടി രൂപമാത്രമാണ് ചിത്രത്തിന് ആകെ ചെലവ് വന്നിട്ടുള്ളതെന്നും, ഒടിടി റൈറ്റിലൂടെ ഇതിനോടകം ടേബിൾ പ്രോഫിറ്റ് ലഭിച്ചുവെന്നും ചിലർ പറഞ്ഞു. എന്നാൽ മറ്റു ചിലരാകട്ടെ ചിത്രത്തിന് 35 കോടി രൂപയാണ് ചെലവായതെന്നാണ് പറഞ്ഞത്.
ഇപ്പോഴിതാ ഊഹാപോഹങ്ങൾക്ക് മറുപടിയായി ചിത്രത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര നേരിട്ടെത്തിയിരിക്കുകയാണ്. ചിത്രത്തിന് പബ്ലിസിറ്റി ചെലവുകൾ കൂടാതെ 27.73 കോടി രൂപയാണ് നിർമാണ ചെലവ് ആയതെന്നാണ് അദ്ദേഹം പറഞ്ഞത്.