പാറ്റ്ന: ബിഹാറിൽ പാലങ്ങൾ തകരുന്നത് തുടർക്കഥയായതോടെ എക്സിക്യൂട്ടീവ് തസ്തികയിലുള്ള മൂന്നുപേരുൾപ്പെടെ 14 എൻജിനിയർമാർക്കു സസ്പൻഷൻ.
പാലം തകർച്ചയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജലവിഭവ വകുപ്പ് (ഡബ്ലിയുആർഡി) നടപടി.
എൻജിനിയർമാർ ഫലപ്രദമായി പ്രവർത്തിക്കാതിരുന്നതാണ് അപകടങ്ങൾക്ക് ആക്കംകൂട്ടിയതെന്ന് ഡബ്ലിയുആർഡി അഡീഷണൽ ചീഫ് സെക്രട്ടറി ചൈതന്യപ്രസാദ് പറഞ്ഞു.
കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 12 പാലങ്ങളാണു തകർന്നുവീണത്. സരൺ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു ഒടുവിലത്തെ ദുരന്തം. കഴിഞ്ഞ ബുധനാഴ്ചമാത്രം സിവാൻ ജില്ലയിൽ മൂന്നു പാലങ്ങളാണ് തകർന്നുവീണത്.