അമ്പലപ്പുഴ : മണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയകൾക്ക് വിധേയനായ ബിജു ഒന്നര മാസത്തോളം നീണ്ട പരിചരണത്തിനു ശേഷം ആശുപത്രി വിട്ടു.
വലിയഴീക്കൽ തറയിൽ കടവ് കുറുങ്ങാട് വീട്ടിൽ ബിജു (44) ആണ് ഇന്ന് ആശുപത്രിവാസം മതിയാക്കി വീട്ടിലേക്ക് മടങ്ങിയത്.
കൊല്ലം അഴീക്കലിൽ സെപ്റ്റംബർ 16 നുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ബിജുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 16 മത്സ്യ തൊഴിലാളികളാണ് രണ്ട് വള്ളങ്ങളിലായി ഉണ്ടായിരുന്നത്. അപകടത്തിൽ നാലുപേരാണ് മരിച്ചത്.
മറിഞ്ഞു കിടന്ന വള്ളത്തിൽ നിന്ന് ഒരു വിധത്തിൽ നീന്തി കരയിലെത്തി. താലൂക്ക് ആശുപത്രിയിൽ എം ആർ ഐ പരിശോധനക്കിടെ ബിജുവിൻ്റെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ നിലയിലല്ലെന്ന സംശയത്തിൽ ഡോക്ടർമാർ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
വിദഗ്ധ പരിശോനയിൽ മഹാധമനിയുടെ തുടക്കത്തിൽ വാൽവിന് 3 ദളത്തിന് പകരം രണ്ടെണ്ണം മാത്രമായിരുന്നു.
മഹാധമനിയുടെ തുടക്കത്തിൽ അമിതമായ വികാസത്തിനു പുറമെ രക്തക്കുഴലിന് ബ്ലോക്കും കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയക്കു വിധേയനാക്കി ബിജുവിന്റെ ഹൃദയ ഭിത്തിയിലെ സുഷിരം അടച്ചു.
ബ്ലോക്ക് മാറ്റാൻ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കി. മഹാധമനിയുടെ തുടക്കത്തിലുള്ള വാൽവും(അയോട്ടിക്), മഹാധമനിയുടെ പ്രാരംഭ ഭാഗവും ഒന്നിച്ച് മാറ്റി വെച്ചു.
കൃത്രിമക്കുഴലുകളും വാൽവും ഉപയോഗിച്ചാണ് ഇവ മാറ്റി വെച്ചത്.ആകെ 4 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിൽ മൂന്ന് മണിക്കൂറും ഹാർട്ട് ലങ് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശ്വാസമാണ് ബിജുവിന് നൽകിയത്.
ജീവിതത്തിലേക്ക് തിരികെ
2018ലെ മഹാപ്രളയത്തിൽ ഒരാഴ്ച നീണ്ട രക്ഷാപ്രവർത്തിൽ പങ്കെടുത്ത മത്സ്യ തൊഴിലാളി കൂടിയായ ബിജുവിന് ബൻ്റാൽ, ഏട്രിയൽ സെപ്റ്റൽ ഡിഫക്ട് (എ സ് ഡി) ക്ലോഷർ, ബൈപ്പാസ് സർജറികൾക്ക് വിധേയനാക്കിയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കലിന്റെ സഹകരണത്തോടെ കാർഡിയോളജി വിഭാഗം തലവൻ ഡോ. മോഹന്റെ സഹായത്താൽ കാർഡിയോറാസിക് വിഭാഗം ഡോക്ടർമാരായ കെ ടി ബിജു, എസ് ആനന്ദക്കുട്ടൻ,
അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോക്ടർമാരായ ദീപ, വിമൽ, ബ്രിജേഷ്, പെർഫ്യൂഷനിസ്റ്റ് പി കെ ബിജു, അന്സ്യൂ മാത്യു, നേഴ്സുമാരായ വി രാജി,
രാജലക്ഷ്മി, ശ്രീരാജ്, അനീഷ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. സ്വകാര്യ ആശുപത്രിയിൽ 15 ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴിയുള്ള പണം മാത്രമാണ് ചെലവായതെന്ന് ബിജുവിന്റെ ഭാര്യ ലിജ പറഞ്ഞു.