ആധുനിക കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലില്‍ എത്തിയ ശേഷം കടന്നുകളഞ്ഞ ബിജു കുര്യന് നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് വിവരം.
ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന് കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍നിന്ന് ഇസ്രായേലിലെത്തിയ സംഘത്തില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്.
ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്.
ഇസ്രയേലില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാനായാണ് ഇയാള്‍ മുങ്ങിയതെന്ന് എന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇസ്രയേലിലെ ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്ത്.
ആദ്യ ദിവസം ജറുസലേം സന്ദര്‍ശിക്കുകയും അടുത്ത ദിവസം അവിടെനിന്ന് ബെത്ലഹേമിലേക്ക് പോകുകയും ചെയ്തു.
ബെത്ലഹേമില്‍ ഒരു ദിവസം തങ്ങിയതിന് ശേഷം കര്‍ഷകസംഘത്തിനൊപ്പം ചേര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ബിജു മടങ്ങിയെത്തുന്നതിന് മുമ്പ് സംഘാംഗങ്ങള്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്നങ്ങളില്‍ ബിജു അസ്വസ്ഥനാണെന്നാണ് വിവരം. പ്രയാസമുണ്ടായതില്‍ സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിജുവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഹോദരന് ബെന്നി കുര്യന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇസ്രായേലിലെ ചില മലയാളി ഗ്രൂപ്പുകളുടെ സഹായത്തോടെ താന്‍ ഇതിന് ശ്രമിക്കുന്നുണ്ടെന്നാണ് ബെന്നി പറഞ്ഞത്.