ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം ചേർത്തല എരമല്ലൂർ കളത്തിൽ അഖിൽ രാജി (28)ന്റെ പൾസർ ബൈക്കാണ് (കെഎൽ 32 എം 9849) മോഷണം പോയത്.
ബുധനാഴ്ച വൈകുന്നേരം മൂന്നാം വാർഡിന്റെ പ്രധാന കവാടത്തിനു സമീപം പാർക്ക് ചെയ്തിരുന്നതാണ്. ഒന്നര മാസത്തിലധികമായി അഖിൽ രാജിന്റെ ഭാര്യ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇതേ തുടർന്ന് ബൈക്ക് പാർക്ക് ചെയ്തു തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇരുചക്ര വാഹനങ്ങളും വാഹനങ്ങളുടെ പാർട്സും മോഷണം പോകുന്നത് പതിവു സംഭവമാണ്.
ഇത്തരത്തിൽ മുന്പും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട ബൈക്ക് കിലോമീറ്ററുകൾക്കുള്ളിൽ തന്നെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ നിന്നും ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ഗാന്ധിനഗറും പരിസരങ്ങളും കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയ സംഘത്തിലെ യുവാക്കളുമാണ് പലപ്പോഴും ബൈക്ക് മോഷണത്തിനു പിന്നിൽ.