തിരുവനന്തപുരം: മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
ഇടതുമുന്നണിക്കുണ്ടായ പരാജയത്തിൽ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നില്ല. എല്ലാവര്ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്. കമ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങള്‍ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നുവെന്ന് പരിശോധിക്കണം.
കമ്യൂണിസ്റ്റ് ഭരണാധികാരികളെക്കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നു. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.