കാസർകോട് : നിരവധി വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചർച്ച വിഷയമാകുന്ന കേരള സ്റ്റോറി എന്ന ചിത്രം ഒരിക്കലും ഒരു റിയല്‍ സ്റ്റോറി അല്ല. സ്നേഹത്തിന്റേയും പങ്കുവയ്ക്കലിൻ്റെയും കൈ കോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ ചൊല്ല്. ഇന്ന് മുസ്ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍ ആകാം. ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് കേരള സ്റ്റോറി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍എസ്എസ് ആശയങ്ങളെ ഇവര്‍ വെള്ളപൂശുന്നുവെന്നും ഇവർ ചെയുന്നത് എന്താണെന്നു ഇവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളതെന്ന് ബിനോയ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാൻ കഴിയുന്ന എത്ര ആളുകൾ കോൺഗ്രസിലുണ്ട്. ജയിച്ചു പോകുന്ന കോൺഗ്രസുകാർ നാളെ ബിജെപിയാവാം.നാളെ ബിജെപിയാകില്ല എന്നുറപ്പുള്ള മോദിക്ക് വേണ്ടി കൈ പൊക്കില്ല എന്നുറപ്പുള്ള എത്ര കോൺഗ്രസ് സ്ഥാനാർഥിയുണ്ട് എന്നും അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് വേണ്ടി നെയ്യാകാൻ വെണ്ണയായി കാത്തിരിക്കുന്ന കോൺഗ്രസുകാരുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയെ ഭയപ്പെട്ട് ലീഗിനെ മാറ്റി നിർത്താൻ സ്വന്തം കൊടി ഉപേക്ഷിച്ചവരാണ് കോൺഗ്രസുകാർ. അനിൽ ആന്റണി രാഷ്ട്രീയത്തിലെ ഗതികെട്ട തമാശയാണ്. ആ തമാശയിൽ എ. കെ. ആന്റണിയുടെ ദുഃഖം ഇന്നലെ കണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.