സ്വന്തം ലേഖകൻ
അയ്യന്തോൾ : സിവിൽ സ്റ്റേഷൻ പരിസരത്തെ മരങ്ങളിൽ കഴിയുന്ന ദേശാടന പക്ഷികൾ വ്യാപകമായി ചത്തു വീഴുന്നത് പരിഭ്രാന്തി പരത്തുന്നു. കളക്ടറേറ്റ് പരിസരത്തെ വലിയ മരങ്ങളിൽ നിരവധി ദേശാടന പക്ഷികളാണുള്ളത്. ദിവസവും നിരവധി പക്ഷികൾ ചത്തുവീഴുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ട് ഇത്തരം പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴാറുണ്ടെന്ന് പറയുന്നു. ഇതിനു മുൻപും ഇത്തരത്തിൽ ദേശാടനപക്ഷികൾ കൂട്ടത്തോടെ ചത്തുവീണിരുന്നു. പക്ഷിപ്പനി പോലുള്ള അസുഖങ്ങൾ മൂലമാണോ ഇവ ചത്തുവീഴുന്നതെന്നായിരുന്നു അന്ന് സംശയിച്ചിരുന്നതെങ്കിലും ആശങ്ക വേണ്ടെന്നായിരുന്നു മൃഗസംരക്ഷണവകുപ്പധികൃതർ അന്ന് പറഞ്ഞത്.
കൂട്ടത്തോടെ മരങ്ങളിൽ ചേക്കറിയിട്ടുള്ള ഈ ദേശാടനപക്ഷികൾ കളക്ടറേറ്റിലേക്ക് വരുന്നവർക്കെല്ലാം ശല്യമാണ്. പാർക്കു ചെയ്തതും കടന്നുപോകുന്നതുമായ വാഹനങ്ങൾക്ക് മുകളിലും കാൽനടയാത്രക്കാരുടെ ശരീരത്തിലും കാഷ്ഠിച്ച് കളക്ടറേറ്റ് വഴി പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
കാഷ്ഠത്തിനു പുറമെ മുട്ടകളും ചത്തുവീഴുന്ന കുഞ്ഞുങ്ങളുമെല്ലാം താഴേക്ക് വീണ് ശല്യമാകാറുണ്ട്. ഇതുമൂലം സിവിൽ സ്റ്റേഷൻ പരിസരമാകെ ദുർഗന്ധപൂരിതമായിട്ടുണ്ട്. കളക്ടറേറ്റ് കോന്പൗണ്ടിനകത്തും ധാരാളം പക്ഷികൾ ചത്തുകിടക്കുന്നുണ്ട്.
മാസ്കിട്ടാൽ പോലും ദുർഗന്ധം സഹിക്കാതെ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. കളക്ടറേറ്റ് പടിക്കൽ സമരം നടത്തുന്നവർക്കും ഇപ്പോൾ അധികസമയം സമരം ചെയ്യാൻ ധൈര്യമില്ല. അധികസമയം ചിലവിട്ടാൽ കാഷ്ഠത്തിൽ മുങ്ങിക്കുളിച്ച് സമരം ചെയ്യേണ്ട സ്ഥിതിയാണ്. നീർക്കാക്കകളും വവ്വാലുകളും കൊക്കുകളും പ്രാവുകളുമൊക്കെ ഈ വൻമരങ്ങളിലുണ്ട്.