കോഴിക്കോട്: തലസ്ഥാനത്ത് ശുഭപ്രതീക്ഷയുമായി ബിജെപി. ബൂത്ത്തല റിപ്പോര്‍ട്ടുകളും സംഘടനാതല റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് ബിജെപി തലസ്ഥാനത്ത് മികച്ച വിജയം കൈവരിക്കുമെന്ന് അവകാശപ്പെടുന്നത്.
45 സീറ്റുകളാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്കനുകൂലമാവാതിരിക്കാന് ഇരുമുന്നണികളും തിരുവനന്തപുരത്ത് ഏറെ പരിശ്രമിച്ചെങ്കിലും വിജയം ബിജെപിക്ക് തന്നെയാണെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
അതേസമയം ഏറെ ആവേശത്തോടെ പ്രചാരണത്തിനിറങ്ങുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്ത തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്.
ഇവിടത്തെ കണക്കുകളില്‍ ബിജെപി നേതൃത്വം തൃപ്തരല്ല. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോഴിക്കോട് കോര്‍പറേഷനില്‍ ഇത്തവണ 16 സീറ്റുവരെ ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്.
അതേസമയം പാലക്കാട് മുന്‍സിപ്പാലിറ്റി ഭരണം നിലനിര്‍ത്താനാവുമെന്നും ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്തുകളായിരുന്നു ബിജെപി നേടിയത്. എന്നാല്‍ മൂന്നു പഞ്ചായത്തുകള്‍ പിന്നീട് ബിജെപിക്ക് നഷ്ടമായി.
ഇത്തവണ 15 ലേറെ പഞ്ചായത്തുകള്‍ നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം 10, പത്തനംതിട്ട 14, തൃശൂര്‍ 5, കൊല്ലം 5, പാലക്കാട് 4, ആലപ്പുഴ 8, കാസര്‍ഗോഡ് 8, കോഴിക്കോട് – ഒന്ന് എന്നിങ്ങനെ പഞ്ചായത്തുകള്‍ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ 1,236 വാര്‍ഡുകളാണ് പിടിച്ചെടുത്തത്.
ഇത്തവണ 2,500 വാര്‍ഡുകളിലെങ്കിലും മികച്ച വിജയം കൈവരിക്കാനാവും. ജില്ലാപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയായി മുന്നേറുമെന്നും ബിജെപി നേതൃത്വം വിലയിരുത്തി.